രൺവീർ സിങ്ങും ദീപിക പദുക്കോണും മകളോടൊപ്പം
ദീപിക-രൺവീർ മെറ്റേണിറ്റി ഫോട്ടോകളിൽ തിളങ്ങി കുഞ്ഞ് ദുആ; അച്ചന്റെ മിനി പതിപ്പെന്ന് ആരാധകർ
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും തങ്ങളുടെ കുടുംബത്തോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. കുഞ്ഞ് ദുആയുടെ ചിത്രങ്ങൾ പുറത്തുവന്നതോടുകൂടി ആരാധകർക്കിടയിൽ മറ്റൊരു രസകരമായ ചർച്ചയും സജീവമായി. ദുആ അച്ചൻ രൺവീർ സിങ്ങിന്‍റെ തനി രൂപം തന്നെയാണെന്നും, അച്ചന്റെ ഒരു മിനി പതിപ്പ് ആണെന്നും ആരാധകർ ഒരേസ്വരത്തിൽ പറയുന്നു.
ദീപികയുടെ ജീനുകൾ പോലും ഇതിൽ പങ്കാളിയായില്ലെന്ന തരത്തിലുള്ള നർമ്മം നിറഞ്ഞ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിരിയും മുഖഭാവങ്ങളുമെല്ലാം അച്ചനെയാണ് ഓർമിപ്പിക്കുന്നതെന്നും ആരാധകർ പറയുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് രൺവീറും ദീപികയും. ഇവരുടെ മെറ്റേണിറ്റി ഷൂട്ടിലാണ് കുഞ്ഞ് ദുആ താരമായത്. മാതാപിതാക്കളെന്ന നിലയിലുള്ള പുതിയ വിശേഷങ്ങളും കരിയറിലെ തിരക്കുകളുമെല്ലാം ഒരേപോലെ കൊണ്ടുപോവുന്ന ഈ താരജോഡികളുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
‘മകളെ അത്രയധികം സ്നേഹിക്കുന്നത് കൊണ്ട് അവളെ മറ്റാരും നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതേസമയം എനിക്ക് ഒരു ബ്രേക്ക് അത്യാവശ്യവുമാണ്. എന്നാൽ അവളില്ലാതെ എനിക്ക് ഒന്നിനും സാധിക്കില്ല. എനിക്ക് 24 മണിക്കൂർ നിശബ്ദത വേണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും എല്ലാ സമയവും അവളോടൊപ്പം ഇരിക്കാനും ഞാൻ കൊതിക്കുന്നു’ എന്നാണ് മകൾ ദുവയെ കുറിച്ച് ദീപിക ഒരിക്കൾ പറഞ്ഞത്.
‘അമ്മയായതിനുശേഷം ദീപികയുടെ ജീവിതം പൂർണമായും ദുആയെ ചുറ്റിപ്പറ്റിയാണെന്ന് രൺവീർ പറയുന്നു. മറ്റെല്ലാം രണ്ടാം സ്ഥാനത്താണ്. ചിലപ്പോൾ സ്വന്തം ആരോഗ്യം പോലും. എന്നാലും ഇത് ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ദീപികയുടെ പതിപ്പാണ്. അവൾ യഥാർത്ഥത്തിൽ അതിൽ ജീവിക്കുന്നു. ഒരു അമ്മയെന്ന നിലയിൽ, അവൾ പൂർണ്ണമായും ഇടപഴകുന്നു. അവൾ അതിലേക്ക് വളരുകയാണ്’ രൺവീർ കൂട്ടിച്ചേർത്തു.
കുടുംബജീവിതത്തോടൊപ്പം തങ്ങളുടെ കരിയറിലും ഒരുപോലെ തിളങ്ങുകയാണ് ഈ താരദമ്പതികൾ. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പുകൾക്കിടയിലും ദീപിക പദുക്കോൺ തന്റെ പ്രൊഫഷണൽ കമ്മ്യൂണിറ്റികൾ വളരെ കൃത്യതയോടെ മുന്നോട്ട് കൊണ്ടുപോവുകയാണ്. ഷാരൂഖ് ഖാനും സുഹാന ഖാനുമൊപ്പം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് ആണ് ദീപികയുടെ ഏറ്റവും പുതിയ ചിത്രം.
കൂടാതെ, അല്ലു അർജുൻ നായകനാവുന്ന അറ്റ്‌ലിയുടെ ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രം രാക്കയിലും ദീപിക പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗർഭകാലത്തും താരം ഈ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിൽ സജീവമായിരുന്നു എന്നത് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
രൺവീർ സിങ്ങും തന്റെ പുതിയ ചിത്രമായ പ്രളയുടെ തിരക്കുകളിലാണ്. ഇതൊരു സോംബി സിനിമയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി ചെറിയൊരു ബ്രേക്ക് എടുക്കുന്നതിന് മുൻപ് സിനിമയുടെ പ്രധാന ഭാഗങ്ങൾ പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് രൺവീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.