പേഴ്സനൽ മാനേജർ ഒരിക്കലും ഉണ്ടായിട്ടില്ല: തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉണ്ണി മുകുന്ദൻ

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമാണ കമ്പനിയായ യു.എം.എഫ് (ഉണ്ണി മുകുന്ദൻ ഫിലിംസ്) വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു. ഇൻസ്റ്റയിലൂടെ സ്റ്റോറിയായിട്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നത് കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വെളിപ്പെടുത്തി.

നേരത്തെ മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദിച്ചെന്ന ആരോപണത്തിൽ ഉണ്ണി മുകുന്ദനെതിരെ കേസ് എടുത്തിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് പൊലീസ് നടനെ ചോദ്യം ചെയ്തത്. താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍ മൊഴിയിലും ആവര്‍ത്തിച്ചു. കണ്ണാടി വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനമായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നേരത്തെ സിനിമാ സംഘടനകള്‍ ഇടപെടുകയും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തിരുന്നു.

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം അറിയിച്ചത്. 2.9 മില്യണ്‍ ഫോളോവേഴ്‌സുള്ള 'ഐആം ഉണ്ണിമുകുന്ദന്‍' എന്ന യൂസര്‍നെയിമിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. 

Tags:    
News Summary - Unni Mukundan says strict action will be taken if false claims are spread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.