'ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്'; ചിരഞ്ജീവിയെ ആദരിക്കാനൊരുങ്ങി യു.കെ പാർലമെന്‍റ്

ഹൈദരാബാദ്: സാംസ്കാരിക സ്വാധീനത്തിലൂടെ സമൂഹത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് തെന്നിന്ത്യൻ സിനിമ താരം ചിരഞ്ജീവിയെ ആദരിക്കാനൊരുങ്ങി യു.കെ പാർലമെന്റ്. മാർച്ച് 19-ന് നടക്കുന്ന അനുമോദന ചടങ്ങിന് യു.കെയിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ എം.പി നവേന്ദു മിശ്ര നേതൃത്വം നൽകും. സോജൻ ജോസഫ്, ബോബ് ബ്ലാക്ക്മാൻ തുടങ്ങിയ മറ്റ് എം.പിമാരും പങ്കെടുക്കും.

ചടങ്ങിൽ, യു.കെ ആസ്ഥാനമായുള്ള സംഘടനയായ ബ്രിഡ്ജ് ഇന്ത്യ, സാംസ്കാരിക നേതൃത്വത്തിലൂടെ പൊതുസേവനത്തിലെ മികവിനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ചിരഞ്ജീവിക്ക് സമ്മാനിക്കും. സിനിമാ മേഖലക്ക് നൽകിയ സംഭാവനകൾ പരി​ഗണിച്ചല്ല, സാമൂഹ്യ സേവനങ്ങൾ മുൻനിർത്തിയാണ് ചിരഞ്ജീവിക്ക് പുരസ്കാരം നൽകുന്നത്.

വിശ്വക് സെൻ നായകനാകുന്ന ലൈല എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ ചിരഞ്ജീവിതന്നെയാണ് ബഹുമതിയെക്കുറിച്ച് തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷവും ചിരഞ്ജീവിക്ക് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പത്മവിഭൂഷൺ,ഗിന്നസ് വേൾഡ് റെക്കോർഡ്, എ.എൻ.ആർ ദേശീയ അവാർഡ് എന്നിവ അവയിൽ ഉൾപ്പെടുന്നു. യു.കെ നിയമനിർമാതാക്കളും ബ്രിഡ്ജ് ഇന്ത്യയും ചേർന്ന് നൽകുന്ന അംഗീകാരം ചിരഞ്ജീവിയുടെ കരിയറിലെ മറ്റൊരു സുപ്രധാന നേട്ടമാണ്.

Tags:    
News Summary - UK Parliament to honour Megastar Chiranjeevi for public service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.