ട്രാൻസ് വുമൺ നേഹയും അന്തരവും എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ

അന്തരം സിനിമയിലെ നായിക ട്രാൻസ് വുമൺ എസ്. നേഹ പാഠപുസ്തകത്തിൽ. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി സ്ത്രീ/ ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹയെ കുറിച്ച് എട്ടാം ക്ലാസിലെ ആർട്ട് എജുക്കേഷൻ പാഠപുസ്തകത്തിൽ സിനിമ തിയറ്റർ എന്ന ഭാഗത്താണ് വിവരണമുള്ളത്.

മാധ്യമം ചീഫ് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരത്തിലെ അഭിനയത്തിനാണ് 2022ൽ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. കുടുംബിനിയാകേണ്ടി വരുന്ന അഞ്ജലിയെന്ന ട്രാൻസ് വുമൺ നേരിടേണ്ടി വന്ന പ്രതിസന്ധികളുടെയും മാനസിക സംഘർഷങ്ങളുടെയും ആവിഷ്കാരമായിരുന്നു 'അന്തരം.

തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നാണ് നേഹ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയത്. സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു ഇത്. ബംഗളൂരു ക്വിയർ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ അന്തരം പ്രദർശിപ്പിച്ചിരുന്നു.

എ. മുഹമ്മദ് ഛായാഗ്രഹണവും അമൽജിത്ത് എഡിറ്റിങ്ങും നിർവഹിച്ച അന്തരം ഗ്രൂപ്പ് ഫൈവ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ വി. ജിയോ, രേണുക അയ്യപ്പൻ, എ.ശോഭില എന്നിവർ ചേർന്നാണ് നിർമിച്ചത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ നേഹ തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലാണ് ജനിച്ചത്.

Tags:    
News Summary - Transwomen Neha and Antharam in 8th grade textbook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.