'ബേസിലെന്ന സംവിധായകനെ മിസ്സ് ചെയ്യുന്നു; ഓരോ മൂന്ന് വർഷത്തിലെങ്കിലും ഒരു സിനിമ ചെയ്യണം' -ടോവിനോ

കുറഞ്ഞ കാലയളവിൽ തന്നെ ബേസിൽ ജോസഫ് എന്ന നടൻ മലയാളികൾക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. ജയ ജയ ജയ ജയ ഹേ, കഠിന കഠോരമീ അണ്ഡകടാഹം, ഗുരുവായൂർ അമ്പലനടയിൽ, സൂക്ഷ്മദർശിനി, പ്രാവിൻകൂട് ഷാപ്പ്, പൊൻമാൻ, മരണമാസ് എന്നീ സിനിമകളിലൂടെ അദ്ദേഹം തന്‍റെ നടനമികവ് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ബേസിൽ എന്ന ഹിറ്റ് മേക്കറായ സംവിധായകൻ അവസാനമായി സംവിധായകക്കുപ്പായം അണിഞ്ഞത് നാല് വർഷം മുമ്പാണ്. അദ്ദേഹം സംവിധാനത്തിലേക്ക് തിരിച്ചുവരുമെന്ന് ഇടക്കിടെ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

നടൻ ടോവിനോ തോമസാണ് ബേസിലിന്‍റെ ഏറ്റവും പുതിയ ചിത്രം മരണമാസ് നിർമിച്ചിരിക്കുന്നത്. ബേസിലെന്ന സംവിധായകനെ മിസ്സ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ടോവിനോ. ബേസിലും താനും ചർച്ച ചെയ്ത കാര്യമാണിതെന്നും ഒരു നടനെന്ന നിലയിൽ ബേസിൽ തന്‍റെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും എന്നാൽ ബേസിലിലെ സംവിധായകനെ മിസ്സ് ചെയ്യുന്നുണ്ടെന്നുമായിരുന്നു ടോവിനോയുടെ മറുപടി.

ഒരു പാൻ-ഇന്ത്യൻ വിഷയവുമായി ബേസിൽ ജോസഫ് ബോളിവുഡിൽ എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓരോ മൂന്ന് വർഷത്തിലും കുറഞ്ഞത് ഒരു സിനിമയെങ്കിലും ചെയ്യണമെന്നാണ് ടോവിനോ ബേസിലിനോട് പറഞ്ഞത്.

'ബേസിൽ എന്ന സംവിധായകനെ എനിക്ക് മിസ്സ് ചെയ്യുന്നുണ്ട്, പക്ഷേ ബേസിലിന് തന്നെയാണ് അത് കൂടുതൽ മിസ്സ് ചെയ്യുന്നത്. അത് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഒരു നടൻ എന്ന നിലയിൽ, ബേസിൽ തന്റെ ജോലി വളരെ നന്നായി ചെയ്യുന്നു. ഒരു സുഹൃത്തെന്ന നിലയിലലോ പ്രേക്ഷകൻ എന്ന നിലയിലോ നിർമാതാവായോ നോക്കുമ്പോൾ ബേസിലിന്‍റെ ഭാഗത്ത് നിന്ന് വളരെ തൃപ്തികരമായ പ്രകടനങ്ങൾ കാണുന്നുണ്ട്. അങ്ങനെ പറയുമ്പോഴും, ഒരു നടനേക്കാൾ ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് വളരെ ഉയർന്ന സ്ഥാനം ലഭിക്കും എന്നാണ് എനിക്ക് തോന്നുന്നത്' -ടോവിനോ പറഞ്ഞു.

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിലേത് ബേസിലിന്‍റെ മികച്ച പ്രകടനമാണെന്നാണ് പ്രേക്ഷക പ്രതികരണം. റാഫേൽ പ്രൊഡക്ഷൻസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ, ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ. തൻസീർ സലാം എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

Tags:    
News Summary - Tovino Thomas: I miss Basil the director; Basil misses him more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.