കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് തിയേറ്ററിലെത്തിയിരിക്കുകയാണ്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ മോശം പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ സിമ്പു അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്യാനിരുന്നത് ദുൽഖർ സൽമാൻ ആയിരുന്നു. ഇപ്പോഴിതാ ദുൽഖർ ചിത്രം ചെയ്യാതിരുന്നത് നന്നായെന്നാണ് നെറ്റിസൺസിന്‍റെ അഭിപ്രായം.
ജസ്റ്റ് മിസ് ആണ് ദുൽഖറിന്റേതെന്നും തഗ് ലൈഫ് ഒഴിവാക്കി ലക്കി ഭാസ്കർ ചെയ്തത് എന്തുകൊണ്ട് നന്നായി എന്നാണ് ഒരു ആരാധകൻ എക്സിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ദുൽഖറിന് ചെയ്യാൻ മാത്രമായി തഗ് ലൈഫിൽ ഒന്നുമില്ലായിരുന്നെന്നും ദുൽഖറിന്റെ ചോയ്‌സിനെ അഭിനന്ദിക്കുന്നെന്നും കമന്റുകൾ വരുന്നുണ്ട്.
ചിത്രത്തിൽ നിന്ന് ദുൽഖർ സൽമാൻ പിന്മാറിയതിന് പിന്നാലെ ആദ്യം നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തരം വലിയ ബാനറും ടീമിനുമൊപ്പം വർക്ക് ചെയ്യാനുള്ള അവസരം നടൻ ഒഴിവാക്കിയത് എന്തിനെന്നും കമന്റുകൾ വന്നിരുന്നു. എന്നാൽ ഈ തീരുമാനം ശരിയായിരുന്നെന്നാണ് ഇപ്പോള്‍ ഉയരുന്ന അഭിപ്രായങ്ങള്‍. ഒപ്പം രവി മോഹനെയും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. രവി മോഹനും തഗ് ലൈഫിന്റെ ആദ്യ കാസ്റ്റിങ്ങിൽ ഉണ്ടായിരുന്നു.
സിനിമയുടെ ആദ്യ പകുതി തരക്കേടില്ലെന്നും എന്നാൽ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നുമാണ് കമന്റുകൾ. എ.ആർ. റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു. കമല്‍ ഹാസന്‍-ശങ്കര്‍ കോമ്പോയില്‍ എത്തിയ ഇന്ത്യന്‍ 2 ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം 50 കോടി രൂപയാണ് നേടിയത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ വിക്രം 66 കോടി രൂപയായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഓപ്പണിങ് ദിനത്തില്‍ നേടിയത്. ഈ സിനിമകളുടെ കളക്ഷന്‍ വച്ച് നോക്കുമ്പോള്‍ തഗ് ലൈഫിന് വളരെ കുറവ് കളക്ഷന്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.
രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.