ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചർച്ചകൾ സിനിമാമേഖലയിൽ സജീവമായ സമയം. മലയാളത്തിലിറങ്ങിയ ഒരു സിനിമ രാജ്യമൊട്ടാകെ ചർച്ചയായ സമയം. വിവാദങ്ങൾക്കുപിന്നാലെ റീ എഡിറ്റഡ് വേർഷനായി ‘എംപുരാൻ’ യാത്രതുടരുന്നു. നടൻ, ഗായകൻ, നിർമാതാവ്, സംവിധായകൻ... 2002ൽ നന്ദനം എന്ന ചിത്രത്തിലെ നായകനായായിരുന്നു പൃഥ്വിരാജ് സുകുമാരന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അഭിനയിച്ച 100ലധികം സിനിമകൾ... ലൂസിഫർ, ബ്രോ ഡാഡി, എംപുരാൻ എന്നീ മൂന്ന് ചിത്രങ്ങളുടെ സംവിധാനം. ഒരു സൂപ്പർസ്റ്റാറിനെ വെച്ച് തന്റെ ആദ്യ മൂന്ന് സിനിമകൾ സംവിധാനം ചെയ്ത ആദ്യ നടനും പൃഥ്വിരാജ് ആയിരിക്കും.
19 വർഷങ്ങൾക്ക് മുമ്പ് 2006ൽ പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പങ്കുവെച്ച സ്വപ്നങ്ങളെ പരിഹസിച്ച് തള്ളിയവർ ഏറെയായിരുന്നു. ‘എന്റെ ഏറ്റവും വലിയ സ്വപ്നം മലയാള സിനിമയുടെ അംബാസഡർഷിപ്പാണ്. ഞാൻ കാരണം മലയാള സിനിമ നാലുപേർ കൂടുതലറിഞ്ഞാൽ അതാണ് ഏറ്റവും വലിയ നേട്ടം.
എനിക്ക് തമിഴിലും തെലുഗുവിലും ഹിന്ദിയിലും എല്ലാം അഭിനയിക്കണം. അവിടത്തെ ഒരു വലിയ താരത്തിന്റെ പടം റിലീസ് ചെയ്യുന്ന ദിവസം എതിരെ നമ്മുടെ ഒരു പടവും റിലീസ് ചെയ്യാൻ പാകത്തിൽ അവിടങ്ങളിലൊക്കെ നമുക്ക് സ്വീകാര്യതയുണ്ടാവണം’. താൻ പറഞ്ഞ ഓരോ വരിയിലെയും അർഥങ്ങളെ അദ്ദേഹം കഠിനാധ്വാനത്തിലൂടെ നേടിയെടുത്തുകഴിഞ്ഞു. ആടുജീവിതം, എന്നു നിന്റെ മൊയ്തീൻ, സെല്ലുലോയ്ഡ്, സലാർ, അയ്യപ്പനും കോശിയും, ഉറുമി, അയാളും ഞാനും തമ്മിൽ, ജനഗണമന, മൊഴി .... ഒരു നടനെന്ന നിലയിൽ വിവിധ വേഷങ്ങളിൽ ഭാവങ്ങളിൽ പൃഥ്വിരാജ് പകർന്നാടി. എമ്പുരാൻ റിലീസ് ചെയ്തതോടെ ലോകമെമ്പാടും സ്വീകാര്യത നേടിയ ഒരു ചിത്രത്തിന്റെ സംവിധായകൻ എന്ന ലേബലും പൃഥ്വിരാജ് സ്വന്തമാക്കി കഴിഞ്ഞു.
ഒരു ചെറിയ ചിത്രമെടുത്ത് റിസ്ക് കുറക്കാമെന്ന ചിന്തയോടെയായിരുന്നില്ല ആദ്യ സംവിധാന ചിത്രം ലൂസിഫർ പൃഥ്വിരാജ് ഒരുക്കിയത്. ഒരു പാൻ ഇന്ത്യൻ ചിത്രമായായിരുന്നു ലൂസിഫറിന്റെ വരവ്.
കാന്താര, ജനഗണമന, 777 ചാർലി, കെ.ജി.എഫ്: ചാപ്റ്റർ 2, ആടുജീവിതം, സലാർ തുടങ്ങിയ സിനിമകളുടെ നിർമാണത്തിലും വിതരണത്തിലും പൃഥ്വിരാജ് പ്രൊഡക്ഷൻസ് പങ്കാളിയായി. വിതരണത്തിനും നിർമാണത്തിനും തെരഞ്ഞെടുത്ത ചിത്രങ്ങളിലും പൃഥ്വിരാജ് വേറിട്ടുനിന്നു.
തനിക്ക് ആദ്യമായി സിനിമ ലഭിച്ചതിന് കാരണം എന്റെ കുടുംബപ്പേരാണെന്നും താൻ പൂർണമായും നെപ്പോട്ടിസത്തിന്റെ ഉൽപന്നമാണെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. അച്ഛൻ സുകുമാരന്റെയും അമ്മ മല്ലിക സുകുമാരന്റെയും വഴിയിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമ അരങ്ങേറ്റം. എന്നാൽ, സ്വന്തമായി ഒരു വഴി തുറന്നിട്ടാണ് പൃഥ്വിരാജിന്റെ സിനിമ യാത്രകൾ. എംപുരാനാണ് അതിന്റെ ഏറ്റവും പുതിയ അധ്യായവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.