കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സർക്കാർ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്. 2016 മുതൽ 2022 വരെയുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ് തമിഴ്നാട് സർക്കാർ വിതരണം ചെയ്തത്. ഇപ്പോഴിതാ, മികച്ച നടനുള്ള അവാർഡ് സൂര്യ ഏറ്റുവാങ്ങുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. സൂര്യയുടെ അവാർഡ് വാങ്ങൽ വൈറലായതിന് പിന്നിൽ ഒരു കാരണമുണ്ട്.
സൂര്യക്ക് നൽകിയ അവാർഡിൽ എ.ആർ. റഹ്മാന്‍റെ പേരായിരുന്നു ഉണ്ടായിരുന്നത്. അവാർഡ് വാങ്ങുമ്പോൾ തന്നെ താരം അത് ശ്രദ്ധിച്ചു. ചിത്രമെടുക്കുമ്പോൾ അവാർഡിലെ പേര് കാണാതിരിക്കാനും നടൻ ശ്രദ്ധിച്ചു. പുഞ്ചിരിയോടെ വേദിയിൽ നിന്ന് ഇറങ്ങി നേരെ റഹ്മാന്റെ അടുത്തേക്ക് ചെന്ന് അവാർഡിലെ പേര് കാണിച്ചു കൊടുക്കുന്ന സൂര്യയുടെ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തത്.
ചെന്നൈയിലെ കലൈവാനർ അരങ്ങിൽ വെച്ചാണ് ചടങ്ങ് നടന്നത്. 2014 മുതൽ 2022 വരെയുള്ള ടെലിവിഷൻ അവാർഡുകളും 2015 മുതൽ 2022 വരെയുള്ള വിദ്യാർഥി അവാർഡുകളും വിതരണം ചെയ്തു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ് വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചത്.
ഏഴ് വർഷത്തെ അവാർഡ് പ്രഖ്യാപിച്ചതിൽ അഞ്ച് വർഷത്തെയും മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കിയത് മലയാളി താരങ്ങളാണ്. കീർത്തി സുരേഷ്, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ, നയൻതാര എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളികൾ. 2016 ലെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. 2020 ലെ മികച്ച ഗായികക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്ത് സ്വന്തമാക്കി. നടൻ റഹ്മാനാണ് 2016ലെ മികച്ച വില്ലൻ.
വിജയ് സേതുപതി, കാർത്തി, ധനുഷ്, ആർ. പാർഥിബൻ, ആര്യ എന്നിവരും സൂര്യക്കൊപ്പം മികച്ച നടന്മാരായി. 2018ലെ മികച്ച നടി ജോതികയാണ്. മധുമിതയും മികച്ച നടിക്കുള്ള (2021) പുരസ്കാരത്തിന് അർഹയായി. ലോകേഷ് കനകരാജ്, മാരി സെൽവരാജ്, സുധ കൊങ്കര, പുഷ്കർ-ഗായത്രി, പാർഥിബൻ, ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവർ മികച്ച സംവിധായകർക്കുള്ള പുരസ്കാരം നേടിയത്. മാനഗരം, അറം, പരിയേറും പെരുമാള്‍, അസുരന്‍, കൂഴങ്കൽ, ജയ് ഭീം, ഗാര്‍ഗി എന്നിവയാണ് മികച്ച സിനിമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.