രാജ്യത്ത് പൗരാവകാശത്തിനു വേണ്ടിയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും ശക്തമായി പ്രതികരിക്കാൻ ഭയമില്ലാത്തയാളാണ് ബോളിവുഡ് നടി സ്വര ഭാസ്കർ. തനിക്ക് ഏറ്റവും ചെലവേറിയ സംഗതി തന്റെ ട്വിറ്റർ അക്കൗണ്ടാണെന്ന് ഒരു അഭിമുഖത്തിൽ ഈയിടെ അവർ പറഞ്ഞത് കൃത്യമാണ്. കാരണം അനീതിക്കെതിരെ മൂർച്ചയേറിയ ഭാഷയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചുവരുന്നതിന് തന്റെ കരിയർ തന്നെ വില നൽകേണ്ടിവരുന്നുവെന്ന് സ്വര പറയുന്നു. ഒരു വിഭാഗത്തിന്റെ അനിഷ്ടം ഭയന്ന് പല സിനിമ നിർമാതാക്കളും അവരുടെ ചിത്രങ്ങളിൽ തന്നെ അഭിനയിപ്പിക്കാതായെന്ന് സ്വര വെളിപ്പെടുത്തി. താൻ സ്വന്തം കുഴി വെട്ടിയെന്ന് ചില അടുപ്പക്കാരും പറയാറുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. എന്നാൽ, പൊതു സമൂഹത്തിൽ അനേകം പേർ തന്നെ ഇഷ്ടപ്പെടുന്നുവെന്നും ഏതൊരിടത്തു ചെന്നാലും അവരുടെ സ്നേഹം അനുഭവിക്കാൻ കഴിയാറുണ്ടെന്നും സ്വര പറയുന്നു.
അതേസമയം, ശരിയെന്ന് തോന്നുന്നത് ഉറക്കെ പറയുന്നത് അവസാനിപ്പിക്കാൻ താൻ ഒരുക്കമല്ലെന്ന് ഈ അഭിമുഖത്തിനുശേഷം കഴിഞ്ഞ ദിവസവും, ഒരു കമന്റിലൂടെ സ്വര വ്യക്തമാക്കുകയുണ്ടായി. മാംസഭക്ഷണം കഴിക്കുന്നവരെ അധിക്ഷേപിച്ചുകൊണ്ടുള്ള ഒരു വ്ലോഗറുടെ പോസ്റ്റിനാണ്, സ്വര വായടച്ചു മറുപടി നൽകിയത്. ഫ്രൈഡ് റൈസിന്റെയും പനീർ വിഭവങ്ങളുടെയും ചിത്രം പോസ്റ്റ് ചെയ്ത് വ്ലോഗർ ഇങ്ങനെ എഴുതി: ‘‘ഒരു സസ്യാഹാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു. കണ്ണീരിൽ നിന്നും ക്രൂരതയിൽ നിന്നും കുറ്റബോധത്തിൽ നിന്നും എന്റെ ഭക്ഷണത്തളിക സ്വതന്ത്രമാണ്.’’
ഇതിനുള്ള സ്വരയുടെ മറുപടി രസകരമായിരുന്നു: ‘‘ഇത്തരം മണ്ടത്തം പറയുന്നവരുടെ കാര്യം ബഹുരസം തന്നെ. നിങ്ങൾ പശുക്കുട്ടിക്ക് ലഭിക്കേണ്ട പാൽ നിഷേധിക്കുന്നു. പശുക്കളെ നിർബന്ധിച്ച് ഗർഭധാരണം നടത്തി, പശുക്കുട്ടിയെ തള്ളയിൽനിന്ന് വേർപെടുത്തി, അവയുടെ പാൽ മോഷ്ടിക്കുകയല്ലേ ചെയ്യുന്നത് ? ചെടിയെ പിഴുതെടുത്തുകൊണ്ട് പച്ചക്കറികൾ എടുക്കുന്നു. അത് ആ ചെടികളെ കൊല്ലുകയല്ലേ ?’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.