‘നിങ്ങൾ എന്നുമൊരു പ്രചോദനമാണ് ഭായ്!’, ആമിർ ഖാനെ കണ്ട ആഹ്ലാദം പങ്കുവെച്ച് സുരേഷ് റെയ്ന

മുംബൈ: തന്‍റെ പ്രിയനടൻ ആമിർ ഖാനെ കണ്ട ആഹ്ലാദം സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ‘ആമിർ ഭായിയെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ ഊഷ്മളതയും വിനയവും യഥാർഥത്തിൽ ഏറെ പ്രചോദനം പകരുന്നു’ -ഈ അടിക്കുറിപ്പോടെയാണ് ഇഷ്ടനടനൊപ്പമുള്ള ചിത്രങ്ങൾ റെയ്ന പോസ്റ്റ് ചെയ്തത്. തന്റെ ചുമലിൽ ആമിർ വൈവെച്ച് നിൽക്കുന്നതടക്കമുള്ള ഫോട്ടോകളാണ് റെയ്ന പങ്കുവെച്ചത്. ബോളിവുഡിന്‍റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റായ അമീർഖാന്‍റെ മകൻ നായകനായ പുതിയ ചിത്രം ലവ്യപായ്ക്ക് റെയ്ന ആശംസകളും നേർന്നു.

ആമിർ ഖാന്‍റെ മകൻ ജുനൈദ് ഖാനും ഖുഷി കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹിന്ദി ചിത്രം ലവ്യപായുടെ പ്രമോഷനിലാണ് താരമിപ്പോൾ. ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം ബോളിവുഡിന്‍റെ മൂന്ന് ഖാൻമാരുടെ ഒത്തുചേരൽ കൂടിയായിരുന്നു. ആമിർ ഖാനു പുറമേ കിങ് ഖാൻ ഷാരൂഖ് ഖാനും സൽമാൻ ഖാനും സിനിമയുടെ പ്രത്യേക പ്രദർശനത്തിനെത്തിയിരുന്നു.

എ.ജി.എസ്. എന്‍റർടെയ്‍ൻമെന്‍റുമായി ചേർന്ന് ഫാന്‍റം സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം പുതിയ കാലത്തെ പ്രണയകഥയാണ് പറയുന്നത്. ജുനൈദ് ഖാൻ, ഖുഷി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ ഗ്രുഷ കപൂർ, അശുതോഷ് റാണ, തൻവിക പാർലിക്കർ, ദേവിഷി മദൻ, ആദിത്യ കുൽശ്രേഷ്ഠ്, നിഖിൽ മേത്ത, ജേസൺ താം, യൂനുസ് ഖാൻ, യുക്തം ഖോസ്‌ല, കുഞ്ച് ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തി.

Tags:    
News Summary - Suresh Raina shares his joy on seeing Aamir Khan, 'You are an inspiration bro!'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.