കൊറിയനോ ജാപ്പനീസോ ആയിരുന്നെങ്കിൽ ഇതേ കാഴ്ചക്കാർ ‘സിനിമാറ്റിക് ബ്രില്യൻസ്’ എന്ന് വിളിക്കുമായിരുന്നു; ധുരന്ധറിനെ പിന്തുണച്ച് സുപർൺ എസ്. വർമ

ആദിത്യ ധറിന്‍റെ 'ധുരന്ധറിന് പിന്തുണയുമായി സംവിധായകൻ സുപർൺ എസ്. വർമ. അടുത്തിടെ തിയറ്ററുകളിൽ എത്തിയ 'ഹഖ്' എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമാണ് സുപർൺ എസ്.വർമ. ഈ ആഴ്ച ആദ്യം പുറത്തിറങ്ങിയ 'ധുരന്ധർ' സിനിമയുടെ ട്രെയിലറിലെ അക്രമാസക്തമായ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വിമർശനത്തിന് വിധേയമായിരുന്നു. എന്നാൽ ഇത്തരം ദൃശ്യങ്ങൾ ഒരു കൊറിയൻ അല്ലെങ്കിൽ ജാപ്പനീസ് ചിത്രത്തിന്‍റെ ഭാഗമായിരുന്നെങ്കിൽ പ്രേക്ഷകർ അതിനെ സ്വാഗതം ചെയ്യുമായിരുന്നുവെന്ന് സുപർൺ എക്സിൽ കുറിച്ചു.

“ചിലർ ധുരന്ധറിലെ അക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെടുന്നു. ഇത് മറ്റേതെങ്കിലും ഭാഷയിലോ ഒരു കൊറിയൻ അല്ലെങ്കിൽ ജാപ്പനീസ് സിനിമയിലോ ആയിരുന്നെങ്കിൽ ഇതേ കാഴ്ചക്കാർ അതിനെ 'സിനിമാറ്റിക് ബ്രില്യൻസ്' എന്ന് വിളിക്കുമായിരുന്നു. ഹിന്ദി സിനിമയെയും അതിലെ ചലച്ചിത്ര പ്രവർത്തകരെയും മറ്റ് സിനിമകളെ ആഘോഷിക്കുന്ന അതേ ആവേശത്തോടെ നമ്മൾ ആഘോഷിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു”എന്നാണ് സുപർൺ കുറിച്ചത്.

കൂടാതെ സംവിധായകൻ ആദിത്യ ധറിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ‘ഓരോ ചലച്ചിത്രകാരനും അവരുടേതായ തനതായ ശബ്ദവും വ്യക്തിത്വവും പശ്ചാത്തലവുമായാണ് വരുന്നത്. ആദിത്യ ധറും അദ്ദേഹത്തിന്‍റെ മികച്ച ടീമും സൃഷ്ടിച്ച ലോകവും കഥാപാത്രങ്ങളും എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു’.

രണ്‍വീർ സിങ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ധുരന്ധർ' സിനിമയുടെ നാല് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ നിരവധി അക്രമാസക്തമായ ദൃശ്യങ്ങളുണ്ട്. ഒരാളുടെ ശരീരത്തിൽ മീൻകൊളുത്തുകൾ ഉപയോഗിച്ച് പീഡിപ്പിക്കുന്നതും, അക്ഷയ് ഖന്നയുടെ കഥാപാത്രം കല്ലുകൊണ്ട് ഒരാളുടെ തല തകർത്ത് കൊല്ലുന്നതുമായ ഷോട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. രണ്‍വീർ സിങ്, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജിയോ സ്റ്റുഡിയോസ് നിർമിച്ച് ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തുന്നത്.

അക്രമാസക്തമായ ദൃശ്യങ്ങളുടെ പേരിൽ ചലച്ചിത്ര പ്രവർത്തകർ വിമർശനം നേരിടുന്നത് ഇത് ആദ്യമായല്ല. നേരത്തെ, സന്ദീപ് റെഡ്ഡി വാംഗയുടെ 'അനിമൽ', നിഖിൽ നാഗേഷ് ഭട്ടിന്റെ 'കിൽ'എന്നീ സിനിമകളിലെ രക്തരൂക്ഷിതവും അക്രമാസക്തവുമായ ഉള്ളടക്കത്തിന്റെ പേരിൽ ഇരുവർക്കും വിമർശനം നേരിടേണ്ടി വന്നിരുന്നു. മലയാള ചിത്രം 'മാർക്കോ' അതിക്രമങ്ങളെ മഹത്വവൽക്കരിച്ച് കാണിക്കുന്നു എന്നതിന്‍റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു.

Tags:    
News Summary - Suparn S. Verma supports Dhurandhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.