2023 ജനുവരി 23 നായിരുന്നു ക്രിക്കറ്റ് താരം കെ.എൽ രാഹുലും നടൻ സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും വിവാഹിതരാവുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുമ്പോ മകൾക്കും മരുമകനും ഉപദേശവുമായി സുനിൽ ഷെട്ടി എത്തിയിരിക്കുകയാണ്. രാഹുലിനോട് ശുദ്ധനായ വ്യക്തിയാകരുതെന്നാണ് നടൻ പറയുന്നത്. എന്നാൽ അതിയയോട് ഭർത്താവിൽ വിശ്വാസമർപ്പിച്ച് ഉയർച്ച താഴ്ചകളിൽ കൂടെനിൽക്കണമെന്നും പറയുന്നു. മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് രാഹുൽ എന്നാണ് സുനിൽ ഷെട്ടി പറയുന്നത്. 'നിങ്ങൾ സ്വന്തം കാര്യത്തിൽ ഒരിക്കലും ഇത്രയും ശുദ്ധനാവരുത്. നിന്റെ നന്മയെ മനസിലാക്കാൻ മറ്റുള്ളവർക്ക് സാധിക്കണമെന്നില്ല. മകൾ അതിയയോട് ഞാൻ എപ്പോഴും പറയാറുണ്ട്, ഇത്രയും നല്ലൊരു ജീവിത പങ്കാളിയെ ലഭിച്ചതിൽ അവൾ ഭാഗ്യവതിയാണെന്ന്. ഭർത്താവിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് ഉയർച്ച താഴ്ചകളിൽ കൂടെ നിൽക്കണമെന്ന് പറയാറുണ്ട്. സിനിമയിൽ ചുവടുവെച്ചപ്പോഴും മകൾക്ക് ഉപദേശം നൽകിയിരുന്നു. വിജയത്തെ പോലെ പരാജയം നേരിടാനും തയാറായിരിക്കണമെന്ന്- സുനിൽ ഷെട്ടി പറഞ്ഞു.
പച്ചക്കറി വില ഉയരുന്നതുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധനേടിയിരുന്നു. സാധാരണക്കാരെ മാത്രമല്ല ഈ വിലക്കയറ്റം ബാധിച്ചിരിക്കുന്നതെന്നാണ് താരം പറഞ്ഞത്. സൂപ്പർസ്റ്റാറായതുകൊണ്ട് വിലക്കയറ്റമൊന്നും തന്നെ ബാധിക്കില്ലെന്നാണ് പുറമേ നിന്നുള്ളവർ വിചാരിക്കുന്നതെന്നും തക്കാളിയുടെ വിലക്കയറ്റം തന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു. അടുത്തകാലത്തായി വളരെ കുറച്ച് തക്കാളി മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ളുവെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.