പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴും അഭിമുഖങ്ങളിലുമൊക്കെ ശ്രീനിവാസന്‍റെയും മകൻ ധ്യാൻ ശ്രീനിവാസന്‍റെയും കോംബോക്ക് ആരാധകർ ഏറെയായിരുന്നു. പൊതുവേദിയിൽ ധ്യാനിനെ വിമർശിക്കുന്ന ശ്രീനിവാസന്‍റെയും അതിന് രസകരമായി മറുപടി നൽകുന്ന ധ്യാനിന്‍റെയും വിഡിയോകൾ സമൂഹമാധ്യമത്തിൽ വൈറലാകാറുണ്ട്.
എന്നാൽ, ജന്മദിനത്തിൽ തന്നെതേടിയെത്തിയ അച്ഛന്‍റെ വിയോഗവാർത്തയുടെ ഞെട്ടലിലാണ് ഇപ്പോൾ ധ്യാൻ. ധ്യാൻ ശ്രീനിവാസന്‍റെ 37ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ പിതാവിന്‍റെ മൃതദേഹത്തിന് അരികിലിരുന്ന് പൊട്ടിക്കരയുന്ന ധ്യാനിന്‍റെ ദൃശ്യങ്ങൾ മലയാളികളെ സങ്കടപ്പെടുത്തുന്നതാണ്.
നേരത്തേ, താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ശ്രീനിവാസനെ അഭിനയിപ്പിച്ചതിനെക്കുറിച്ച് ധ്യാൻ പറഞ്ഞിരുന്നു. 'ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അച്ഛൻ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴേ ഒരുപാട് ചോദ്യങ്ങളായിരുന്നു. 'എന്താണു കഥ. ആരാണ് കഥാപാത്രം. എവിടെയാണ് ലൊക്കേഷൻ, എന്നു ഷൂട്ടിങ് തുടങ്ങും, സ്ക്രിപ്റ്റ് എഴുതി തീർന്നെങ്കിൽ കാണിക്കൂ. ഞാനൊന്നു വായിക്കട്ടെ' അങ്ങനെ അങ്ങനെ...
ഞാൻ പറഞ്ഞു, 'നയൻതാരയാണ് നായിക. നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?' അച്ഛൻ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല. വളരെ പെട്ടെന്നു മറുപടി പറഞ്ഞു, ഞാൻ റെഡി' -എന്നായിരുന്നു ധ്യാൻ പറഞ്ഞത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്രീനിവാസൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡയാസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. 48 വര്‍ഷം നീണ്ട സിനിമ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി തിരക്കഥ രംഗത്തേക്ക് കടന്നുവന്നു. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.