സംഗീത പരിപാടിയിലെ 'പഹൽഗാം' പരാമർശം; വിലക്കിന് പിന്നാലെ ക്ഷമാപണം നടത്തി സോനു നിഗം

​​കർണാടകയിലെ ജനങ്ങളോട് ക്ഷമ ചോദിച്ച് ഗായകൻ സോനു നിഗം. വിവാദ പരാമർശത്തിന്റെ പേരിൽ കന്നഡ ചലച്ചിത്ര മേഖലയിൽ നിന്ന് വിലക്ക് നേരിട്ടതിനെ തുടർന്നാണ് ക്ഷമാപണം നടത്തിയത്. 'ക്ഷമിക്കണം കർണാടക. നിങ്ങളോടുള്ള സ്നേഹം എന്റെ ഈഗോയേക്കാൾ വലുതാണ്. എപ്പോഴും സ്നേഹിക്കുന്നു' എന്ന് ഗായകൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എഴുതി.

വിവാദ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് സോനു നിഗമുമായുള്ള എല്ലാ പ്രൊഫഷണൽ ബന്ധങ്ങളും നിർത്താൻ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെ.എഫ്‌.സി.സി) തീരുമാനിച്ചിരുന്നു. സോനു നിഗം ​​മാപ്പ് പറയണമെന്നും ചേംബർ ആവശ്യപ്പെട്ടു.

സോനു നിഗമിനെതിരെ നിസ്സഹകരണ നയം നടപ്പിലാക്കാൻ ചേംബറിലെ എല്ലാ വിഭാഗങ്ങളും ഏകകണ്ഠമായി സമ്മതിച്ചതായി കെ.എഫ്‌.സി.സി ചെയർമാൻ എം. നരസിംഹലു പറഞ്ഞു. 'നിരുപാധികം മാപ്പ് പറയുന്നതുവരെ അദ്ദേഹത്തെ ബഹിഷ്‌കരിക്കും' എന്ന് അദ്ദേഹം വ്യക്തമാക്കി. ആരാണ് തെറ്റ് ചെയ്തതെന്ന് തീരുമാനിക്കേണ്ടത് കർണാടകയിലെ വിവേകമുള്ള ജനങ്ങളാണെന്ന് പറഞ്ഞുകൊണ്ട് സോനു നിഗം ​​സമൂഹമാധ്യമത്തിൽ ഒരു തുറന്ന കത്ത് പങ്കിട്ടിരുന്നു.

ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ബംഗളൂരു റൂറൽ പൊലീസും സോനു നിഗമിന് നോട്ടീസ് നൽകിയിട്ടുണ്ട്. ആവലഹള്ളി പൊലീസ് സ്റ്റേഷനിൽ ഗായകനെതിരെ സമർപ്പിച്ച എഫ്‌.ഐ.ആറിനുള്ള മറുപടിയായാണ് നോട്ടീസ്. കർണാടക രക്ഷണ വേദികെ (കെ.ആർ.വി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഗീത പരിപാടിക്കിടെ കന്നഡ ഗാനം പാടാൻ നിരന്തരം ആവിശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു സോനു നിഗമിൽ നിന്നും വിവാദപരാമർശമുണ്ടായത്. പരിപാടിക്കിടെ കന്നടയിൽ പാടണമെന്ന് സദസ്സിൽ നിന്ന് ഒരാൾ ഉറക്കെ ആവിശ്യപ്പെട്ടപ്പോൾ ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായതെന്ന് സോനു നിഗം മറുപടി നൽകിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ മറ്റൊരു വിഡിയോയിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ചിലത് കന്നഡയിലാണെന്നും കർണാടക എപ്പോഴും തന്റെ കുടുംബാംഗത്തെപ്പോലെയാണ് പരിഗണിച്ചിട്ടുള്ളതെന്നും നിഗം പറയുന്നുണ്ട്.

Tags:    
News Summary - Sonu Nigam says ‘Sorry Karnataka’ after being barred from Kannada Film Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.