മലയാളികളുടെ പ്രിയ കലാകാരൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം 2023ലായിരുന്നു. ഭാര്യ രേണുവും രണ്ട് മക്കളടക്കമുള്ള കുടുംബമായിരുന്നു സുധിയുടേത്. അവരെ സഹായിക്കാൻ നിരവധി സന്നദ്ധ സംഘടനകൾ രംഗത്ത് വരികയും ഒരു വീട് വച്ച് നൽകുകയുമൊക്കെ ചെയ്‌തു. സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് കിച്ചു എന്ന രാഹുൽ. കൊല്ലത്തൊരു ഇൻസ്റ്റിറ്റ്യൂട്ടിലാണ് രാഹുൽ ഇപ്പോൾ പഠിക്കുന്നത്.
കഴിഞ്ഞ ദിവസം രാഹുൽ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും തന്‍റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയണമെന്ന് തനിക്ക് തോന്നുന്നുവെന്നും രാഹുൽ പറയുന്നു. സുധിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും രാഹുൽ ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
'പ്രിയപെട്ടവരെ, ഞാൻ രാഹുൽ ദാസ്, ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ. എന്‍റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എൻറെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ....???', എന്നാണ് രാഹുൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. പറയാനുള്ളത് എന്തായാലും തുറന്നു പറയണമെന്നും കേൾക്കാൻ തങ്ങൾ തയ്യാറാണെന്നുമാണ് പലരും കമൻ്റ് ചെയ്തിരിക്കുന്നത്.
ഈയിടെ രാഹുലിന്‍റെ ഒരു അഭിമുഖവും ശ്രദ്ധ നേടിയിരുന്നു. തന്റെ കാര്യങ്ങളെല്ലാം അമ്മ നന്നായി നോക്കാറുണ്ടെന്നും പഠനാവശ്യങ്ങൾക്കും മറ്റു കാര്യങ്ങൾക്കുമെല്ലാമുള്ള പണം അമ്മ തന്നെയാണ് തരുന്നതെന്നും രാഹുൽ പറഞ്ഞു. അമ്മ അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടമാണെന്നും തനിക്കതിൽ പ്രശ്നമൊന്നും ഇല്ലെന്നും സോഷ്യൽ മീഡിയിൽ വരുന്ന നെഗറ്റീവ് കമന്റുകൾ താൻ ശ്രദ്ധിക്കാറില്ലെന്നും സുധിയുടെ മകൻ പറയുന്നു. വീണ്ടുമൊരു വിവാഹം കഴിക്കണോ എന്നത് അമ്മയുടെ ഇഷ്ടമാണെന്നും അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ടെന്നും അതിൽ തനിക്ക് പ്രത്യേകിച്ചൊരു അഭിപ്രായവുമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.