സിനിമയിലെ തുടർച്ചയായ തിരിച്ചടികൾക്കിടയിൽ മകൻ ടൈഗർ ഷ്റോഫിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ജാക്കി ഷ്റോഫ്. ചലച്ചിത്രമേഖലയിലെ അനിശ്ചിതത്വത്തെക്കുറിച്ചും, എത്ര കഠിനാധ്വാനം ചെയ്താലും വിജയം എപ്പോഴും ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നതിനെക്കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു സംസാരിച്ചു.
ടൈഗറിന്റെ സമീപകാല പരാജയങ്ങളെക്കുറിച്ച് സംസാരിക്കവെ, 'ജീവിതം അങ്ങനെയൊക്കെയാണ്, ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. നിങ്ങൾ കഠിനാധ്വാനം ചെയ്യണം, ചിലപ്പോൾ നിങ്ങൾക്ക് ഫലം ലഭിക്കും, മറ്റു ചിലപ്പോൾ അത് ലഭിക്കില്ല,' എന്ന് ജാക്കി പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ എല്ലാവരും ജീവിതത്തിൽ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകേണ്ടി വരുമെന്നും, ടൈഗർ ആ യാഥാർത്ഥ്യം നന്നായി മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞങ്ങൾ നടന്മാരാണ്, എല്ലാറ്റിനെയും നേരിടാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ടൈഗർ അത് തിരിച്ചറിയുന്നുണ്ട്. അവൻ പറയാറുണ്ട്, 'ഞാൻ എന്റെ ജോലി ആത്മാർത്ഥമായി ചെയ്യും, ബാക്കിയുള്ളത് പ്രേക്ഷകർ തീരുമാനിക്കട്ടെ' എന്ന്. ആ ഒരു സമീപനം അതിശയകരമാണ്. അവൻ തീർച്ചയായും അതിജീവിക്കും,' ജാക്കി ഷ്റോഫ് പറഞ്ഞു.
2014-ൽ 'ഹീറോപ്പന്തി' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ടൈഗർ ഷ്റോഫ്, ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ചൊരു ആക്ഷൻ ഹീറോ എന്ന ലേബൽ നേടിയെടുത്തിരുന്നു. ആയോധന കലകളിലെ മികവും ഡാൻസ് സ്റ്റെപ്പുകളും യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദത്തെ തന്നെ നേടിക്കൊടുത്തു. 'ബാഗി' പരമ്പരയിലെ ചിത്രങ്ങളും ഹൃത്വിക് റോഷനൊപ്പമുള്ള 'വാർ' എന്ന ചിത്രവും ടൈഗറിന്റെ കരിയറിലെ വൻ വിജയങ്ങളായിരുന്നു.
എങ്കിലും, സമീപകാലത്തായി പുറത്തിറങ്ങിയ 'ഹീറോപ്പന്തി 2', 'ഗണപത്', 'ബഡേ മിയാൻ ചോട്ടേ മിയാൻ', 'ബാഗി 4' എന്നീ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. 'ബാഗി 3' ആണ് നടന്റെ ഒടുവിലായി പുറത്തിറങ്ങിയ ശ്രദ്ധേയമായ വിജയം. എങ്കിലും, തളരാതെ അടുത്ത ചിത്രമായ 'ലഗ് ജാ ഗലേ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ടൈഗർ ഷ്റോഫ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.