ഇംതിയാസ് അലി

‘ഇന്ത്യൻ മുസ്ലീങ്ങൾ അവരുടെ ദേശസ്നേഹം തെളിയിച്ചതാണ്’; വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ഇംതിയാസ് അലിയുടെ മറുപടി

ഇംതിയാസ് അലിയുടെ പുതിയ ചിത്രമായ 'മേ വാപ്പസ് ആവൂംഗ' തിയറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ സാവധാനം തുടങ്ങിയെങ്കിലും, മികച്ച പ്രേക്ഷകാഭിപ്രായവും സംവിധായകന്റെ വിവിധ നഗരങ്ങളിലെ തിയേറ്റർ സന്ദർശനങ്ങളും ചിത്രത്തിന് വലിയ പിന്തുണ നൽകുന്നുണ്ട്. വിഭജനകാലത്തെ വേദനയും നഷ്ടപ്പെട്ട മാതൃഭൂമിയുടെയും പ്രണയത്തിന്റെയും ആഴം പറയുന്ന ചിത്രം, ചിലർ 'ദേശവിരുദ്ധം' എന്ന് മുദ്രകുത്താൻ ശ്രമിച്ചെങ്കിലും അതിനെ ശക്തമായി നേരിടുകയാണ് അണിയറപ്രവർത്തകർ.

ചിത്രം അവിഭക്ത ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പാകിസ്ഥാനെ അനുകൂലിക്കുന്നതോ എതിർക്കുന്നതോ ആയ കണ്ണിലൂടെ കാണേണ്ടതില്ല. ഞാൻ കണ്ടവരിൽ ആരും തന്നെ വിദ്വേഷം വെച്ചുപുലർത്തുന്നവരല്ല. ഇംതിയാസ് അലി പറഞ്ഞു. വിഭജനകാലത്ത് രാജ്യം വിട്ടുപോകാൻ അവസരമുണ്ടായിട്ടും ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച ഇന്ത്യൻ മുസ്ലീങ്ങൾ അവരുടെ ദേശസ്നേഹം തെളിയിച്ചവരാണെന്നും, വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് അദ്ദേഹം മറുപടി നൽകി. വീട് എന്നത് ഒരാളുടെ പഴയകാല വ്യക്തിത്വത്തിന്റെ ഓർമയാണെന്നും, നാം ആ പഴയ വ്യക്തിയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തെ പരിഹസിച്ചുകൊണ്ട് വന്ന ഒരു ട്രോൾ പോസ്റ്റിന് എ.ആർ. റഹ്മാൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘തീവ്രവാദികളോ ചാരന്മാരോ ഇല്ലാത്ത പാകിസ്താനെ കാണിക്കാൻ സിനിമക്ക് ധൈര്യം ലഭിച്ചോ?" എന്ന് പരിഹസിച്ച പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് റഹ്മാൻ ചിരിക്കുന്ന ഇമോജിയാണ് നൽകിയത്. മറ്റ് സിനിമകളിൽ കാണുന്നത് പോലെ പാകിസ്താനെ തീവ്രവാദത്തിന്റെ കേന്ദ്രമായി മാത്രം ചിത്രീകരിക്കാതെ, അവിടെയും സാധാരണ മനുഷ്യരുണ്ടെന്ന യാഥാർത്ഥ്യം സിനിമ വിളിച്ചോതുന്നുണ്ട്.

ദിൽജിത് ദോസഞ്ച്, ഷർവാരി, വേദാംഗ് റെയ്ന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 1947ലെ വിഭജനത്തിന്റെ കെടുതികളും ഒരു പ്രണയകഥയുമാണ് പറയുന്നത്. നാസിറുദ്ദീൻ ഷാ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം വേദാംഗ് റെയ്നയാണ് ചെയ്യുന്നത്. 'അമർ സിങ് ചംകില'ക്ക് ശേഷം ഇംതിയാസ് അലിയും ദിൽജിത് ദോസഞ്ചും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇംതിയാസ് അലി-എ.ആർ. റഹ്മാൻ - ഇർഷാദ് കാമിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മികച്ച സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

Tags:    
News Summary - Imtiaz Ali Defends Patriotism Amid Main Vaapas Aaunga Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.