ബോളിവുഡിൽ എപ്പോഴും സോഹ അലി ഖാന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അച്ഛനായ മൻസൂർ അലി ഖാൻ പടൗഡിയെക്കുറിച്ച് (ടൈഗർ പടൗഡി) സോഹ അലി ഖാൻ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഈ അടുത്തായി ഒരു അഭിമുഖത്തിൽ സോഹ അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാധാരണയായി പുരുഷന്മാർ ജോലിക്ക് പോവുകയും സ്ത്രീകൾ വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്യുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായിരുന്നു തങ്ങളുടെ കുടുംബമെന്ന് സോഹ പറയുന്നു. അമ്മയായ ഷർമിള ടാഗോർ സിനിമകളിൽ സജീവമായിരുന്നപ്പോൾ അച്ഛൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും വീട്ടിൽ കുട്ടികളെ നോക്കുകയും ചെയ്തു.
ഞാൻ ജനിച്ച സമയത്ത് അച്ഛന് വരുമാനം ഇല്ലായിരുന്നു. ഈ 'ഹൗസ് ഹസ്ബൻഡ്' എന്ന സ്ഥാനം അദ്ദേഹം തമാശയായി കണ്ട് ആസ്വദിച്ചിരുന്നു എന്നും സോഹ ഓർക്കുന്നു. വലിയ പദവികളുണ്ടായിട്ടും അച്ഛൻ ജീവിതത്തിൽ പല നഷ്ടങ്ങളും നേരിട്ടിട്ടുണ്ടെന്ന് സോഹ പറയുന്നു. ഞാൻ ജനിച്ചപ്പോൾ ഒരു ആൺകുട്ടിയെ പ്രതീക്ഷിച്ചിരുന്നുവെന്നും, അവനെ ഒരു ഫാസ്റ്റ് ബൗളറാക്കുമെന്ന് അച്ഛൻ തമാശയായി പറഞ്ഞതായും സോഹ വെളിപ്പെടുത്തി. എന്നാൽ എനിക്ക് ക്രിക്കറ്റിനോട് താൽപര്യമില്ലായിരുന്നു. അന്നത്തെ കാലത്ത് സ്ത്രീകൾക്ക് ക്രിക്കറ്റിൽ അത്ര അവസരങ്ങൾ ഉണ്ടായിരുന്നില്ലെന്നും സോഹ പറഞ്ഞു.
അദ്ദേഹം വലിയ പദവികളിൽ നിന്നും പ്രഭുക്കന്മാരുടെ പശ്ചാത്തലത്തിൽ നിന്നുമാണ് വന്നത് പക്ഷേ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ അദ്ദേഹം കണ്ടു. 11-ാം വയസ്സിൽ അദ്ദേഹത്തിന് പിതാവിനെ നഷ്ടപ്പെട്ടു. 1961ൽ ലണ്ടനിൽ നടന്ന ഒരു വാഹനാപകടത്തിൽ വിൻഡ്‌സ്‌ക്രീനിന്റെ കഷണങ്ങൾ തുളച്ചുകയറി അദ്ദേഹത്തിന്റെ വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. എന്നിട്ടും അദ്ദേഹം ക്രിക്കറ്റ് കളിച്ചു. 21-ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി.
വീടും സ്ഥലവും നഷ്ടപ്പെട്ടു, ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. ഇതൊന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ഇളക്കിയില്ല. അതെല്ലാം ജീവിതത്തിന്റെ ഭാഗമായാണ് അദ്ദേഹം കണ്ടതെന്നും സോഹ കൂട്ടിച്ചേർത്തു. ഒരുപക്ഷേ അദ്ദേഹത്തിന്റെ സ്വകാര്യ സമയങ്ങളിൽ അത് അദ്ദേഹത്തെ ബാധിച്ചിരിക്കാം. പക്ഷേ അത് അദ്ദേഹത്തിന്റെ ആത്മബോധത്തെ വളരെയധികം ഇളക്കിയില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. മത്സരം, അഭിലാഷം, പ്രശസ്തി നേടൽ എന്നിവയെല്ലാം ഒരേ കാര്യത്തിന്റെ ഭാഗമാണ്. ശക്തമായ ആത്മബോധം ഉണ്ടായിരിക്കേണ്ടതാണ് പ്രധാനം സോഹ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.