പൊന്നാനി കാലത്തെ പെരുന്നാളുകളായിരുന്നു പൊന്നിൻ പെരുന്നാൾ -ഷൈൻ ടോം ചാക്കോ

നോമ്പു കാലത്തെ ഓർമ പങ്കുവെച്ച് നടൻ ഷൈൻ ടോം ചാക്കോ. ഞാൻ പൊന്നാനിയിൽ ആണ് ജനിച്ചുവളർന്നത്. അന്ന് സ്കൂളിൽ പഠിച്ചിരുന്ന കാലത്താണ് എനിക്ക് ഓർമയിൽ നിറഞ്ഞെത്തുന്ന നോമ്പ്-പെരുന്നാൾ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്. അന്ന് എ​ന്റെ അമ്മ മരിയ കാർമൽ പൊന്നാനിയിലെ എം.ഐ. സ്കൂളിലെ അധ്യാപികയായിരുന്നു. അപ്പോൾ നോമ്പ് വന്നാൽ അമ്മയുടെ സ്കൂളിന് ഒരുമാസം വെക്കേഷൻ ആയിരിക്കും. അത് കഴിഞ്ഞ് എല്ലാവർക്കും സ്കൂൾ പൂട്ടുമ്പോൾ അമ്മക്ക് സ്കൂളിൽ പോകേണ്ടിയും വരും. അതുപോലെ വെള്ളിയാഴ്ചകളിൽ മുസ്‍ലിം കുട്ടികൾക്ക് പള്ളിയിൽ പോകാനും അവധിയായിരുന്നു. പിന്നീട് ഒരുമാസത്തെ നോമ്പുകാല അവധി എല്ലാവർക്കുമുള്ളപോലെ വേനൽക്കാല വെക്കേഷനോടൊപ്പമായി. എട്ടാം ക്ലാസിൽ എത്തിയപ്പോഴാണ് നോമ്പിനെയും പെരുന്നാളിനെയും അടുത്തറിയാനും നോമ്പുതുറക്കും പെരുന്നാളിനുമൊക്കെ കൂട്ടുകാരുടെ വീടുകളിൽ പോകാനും തുടങ്ങിയത്.

നോമ്പുകാലത്ത് എ​ന്റെ ക്ലാസിലെ കുട്ടികൾ ഇടക്കിടക്ക് 'സർ ഒന്ന് തുപ്പീട്ട് വരാം' എന്നു പറഞ്ഞ് തുപ്പാൻ പോകുമായിരുന്നു. പകൽ ഉമിനീരുപോലും ഇറക്കാതെ നോക്കുന്ന നോമ്പ് എന്നെ അതിശയിപ്പിച്ചിരുന്നു. അന്ന് കുട്ടികളായിരുന്നപ്പോൾ നോമ്പെടുത്തിരുന്നവർ ഇന്ന് വലുതായപ്പോഴും നോമ്പെടുക്കുന്നുണ്ട്. ക്ലാസിലെ മനാഫ്, അടുത്ത വീട്ടിലെ സെമീൽ തുടങ്ങിയവരുടെ വീടുകളിൽ ഒക്കെയായിരുന്നു നോമ്പുതുറയും പെരുന്നാളും കൂടാൻ പോയിരുന്നത്. അവരുടെ വീടുകളിൽ നോമ്പുതുറ സമയത്ത് പലഹാരങ്ങൾ വളരെ സമൃദ്ധമായിരുന്നു. അതിൽ അന്ന് മറ്റെങ്ങും അങ്ങനെ ലഭിക്കാത്ത ഒന്നായിരുന്നു മുട്ടമാല, ഉന്നക്കായ ഒക്കെ. നോമ്പു കഴിഞ്ഞെത്തുന്ന പെരുന്നാളിനെ വരവേൽക്കുമ്പോൾ കൂട്ടുകാർക്ക് ഇരട്ടി സന്തോഷമായിരുന്നു. പെരുന്നാളിന് വിഭവം ബിരിയാണി തന്നെ.

നോമ്പും പെരുന്നാളുമായാൽ എല്ലാ വീടുകളിൽനിന്നും ക്ഷണം വരും. എന്നാൽ, ക്രിസ്മസ് ആയാൽ തിരിച്ചുവിളിക്കാൻ ആ ഭാഗത്ത് അന്ന് ഞങ്ങൾ ഒരു ക്രിസ്ത്യൻ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ അമ്മ പറയും, നോമ്പിനും പെരുന്നാളിനും ഒക്കെ പോയി തിന്നോ, പക്ഷേ ക്രിസ്മസ് ആവുമ്പോൾ എല്ലാവർക്കും തിരിച്ചുകൊടുക്കാനും മറക്കണ്ട എന്ന്. കാരണം അന്ന് അങ്ങനെ കൊടുക്കൽ വാങ്ങലിലൂടെ സ്നേഹം നിലനിന്നിരുന്ന കാലമായിരുന്നു. എന്നാൽ, ഇന്ന് നമ്മുടെ തലമുറ വളർന്നതോടെ കിട്ടിയാൽ തന്നെ തിരിച്ചുകൊടുക്കണം എന്നുള്ള സ്നേഹങ്ങളും നിർബന്ധങ്ങളും ഒക്കെ ഇല്ലാതായി. സമ്മാനങ്ങളും അങ്ങനെയായിരുന്നു. കിട്ടിയാൽ തിരിച്ചുകൊടുക്കണം. കൊടുത്താൽ തിരിച്ചുകിട്ടണം. അങ്ങനെ ആ സ്നേഹബന്ധങ്ങൾ നിലനിർത്തണം എന്നൊക്കെയായിരുന്നു. എന്നാൽ, ഇന്ന് അത്തരം നിർബന്ധങ്ങൾ ഒന്നുമില്ല. അന്ന് അങ്ങനെ മതപരമായ വേർതിരിവുകളൊന്നുമില്ലായിരുന്നു. പെരുന്നാൾ എല്ലാവരുടെയും പെരുന്നാൾ ആയിരുന്നു. അതിനാൽ പൊന്നാനി കാലത്തെ പെരുന്നാളുകളായിരുന്നു പൊന്നിൻ പെരുന്നാളുകൾ -ഷൈൻ ടോം ചാക്കോ  പറഞ്ഞു.

Tags:    
News Summary - Shine Tom Chacko Opens Up About His Perunalu memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.