'ഇനി ഒരിക്കലും നടക്കാൻ കഴിയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്; കാലിൽ മുറിപ്പാടുകളുള്ള നിന്നെ ആര് വിവാഹം കഴിക്കുമെന്ന് പലരും ചോദിച്ചു' -ശക്തി മോഹൻ

കുട്ടിക്കാലത്ത് ഉണ്ടായ ഗുരുതരമായ ഒരു അപകടത്തെക്കുറിച്ച് ഓർമിക്കുകയാണ് നർത്തകിയും നൃത്തസംവിധായകയുമായ ശക്തി മോഹൻ. നഴ്സറി സ്കൂളിൽനിന്ന് മടങ്ങി വരുന്ന വഴി ഡൽഹിയിലെ വീട്ടിനു മുന്നിലെ റോഡ് ക്രോസ് ചെയ്യുമ്പോൾ ബൈക്ക് വന്നിടിച്ചാണ് കാലിൽ ഗുരുതരമായ പൊട്ടലുണ്ടായത്. നാലാം വയസ്സിലുണ്ടായ അപകടത്തെ തുടർന്ന് ഇനി ഒരിക്കലും നടക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാർ ആദ്യം പറഞ്ഞതെന്ന് ശക്തി മോഹൻ പങ്കുവെച്ചു. കാലിലെ മുറിപ്പാടുകൾ കാരണം വിവാഹം നടക്കില്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ നേരിടേണ്ടി വന്നതിനെക്കുറിച്ചും ശക്തി തുറന്നു പറഞ്ഞു.

'നീ നടക്കാൻ പാടില്ലായിരുന്നു എന്ന് ഡോക്ടർ അന്ന് പറഞ്ഞു, കാരണം നീ പറക്കേണ്ടവളായിരുന്നു' എന്ന് എന്റെ അമ്മ ഇപ്പോൾ തമാശയായി പറയുന്നു. അപകടത്തിന് ആറ്-ഏഴ് മാസങ്ങൾക്ക് ശേഷം ഞാൻ പതുക്കെ നടക്കാൻ തുടങ്ങി. എന്റെ അമ്മ എന്നെ നടത്തിക്കാൻ നിരന്തരം ശ്രമിച്ചു. അതിനായി എപ്പോഴും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കൊച്ചുകുട്ടിയായതിനാൽ, എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. സ്കൂളിൽ പോകേണ്ടാത്തതു കൊണ്ടും ആളുകൾ വീട്ടിൽ കാണാൻ വരുമ്പോൾ ചോക്ലേറ്റുകൾ തരുന്നതിനാലും ഞാൻ ഏറെ സന്തോഷവതിയായിരുന്നു”

എന്നാൽ, ചുറ്റും ഉള്ളവർ പറയുന്നത് കേട്ട് അമ്മ ആദ്യം മുറിവുകൾക്ക് പ്ലാസ്റ്റിക് സർജറി ചെയ്യാമെന്ന് നിർദേശിച്ചിരുന്നു. പക്ഷേ ഞാൻ ഒരിക്കലും അത് ചെയ്യാൻ ആഗ്രഹിച്ചില്ല. ‘ഈ മുറിവുകളുള്ള നിന്നെ ആര് വിവാഹം കഴിക്കും?’ എന്ന് ചിലർ ചോദിച്ചതാണ് മാതാപിതാക്കൾക്ക് പ്രശ്നമായത്. എന്നാൽ, എനിക്ക് അത് ഒട്ടും പ്രശ്നമായിരുന്നില്ല. ആ മുറിപ്പാടുകൾ പ്ലാസ്റ്റിക് സർജറി ചെയ്ത് കളയുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ആ മുറിപ്പാടുകളെ ഇപ്പോൾ ഞാൻ ഇഷ്ടപ്പെടുന്നുവെന്നതാണ് സത്യം’- ശക്തി മോഹൻ വ്യക്തമാക്കി.

Tags:    
News Summary - Shakti Mohan recalls her bike accident at age 4, doctors said she ‘won’t be able to walk ever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.