'ജോസഫ്' മുതൽ 'റോന്ത്' വരെ...;ഷാഹി കബീർ, പൊലീസ് സിനിമകളുടെ സംവിധായകൻ

ഒരു ക്രിസ്റ്റൽ ക്ലിയർ അന്വേഷണ ചിത്രം ജോസഫ്, ആരംഭം മുതൽ അവസാനം വരെ ഉദ്വേഗം നിറച്ച ചിത്രം നായാട്ട്, ഇമോഷണൽ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഓഫിസർ ഓൺ ഡ്യൂട്ടി, റിയലിസ്റ്റിക് എന്‍റർടൈനർ ഇല വീഴാ പൂഞ്ചിറ ഇങ്ങനെ ഒരുപിടി പൊലീസ് ചിത്രങ്ങളാണ് ഷാഹി കബീറെന്ന സംവിധായകന്‍റെ കരിയർ ഗ്രാഫിലുള്ളത്. ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ വന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ അസിസറ്റന്‍റ് ഡയറക്ടറായി, പൊലീസ് ജീവിതത്തിൽ നിന്നും സിനിമ ജീവിതത്തിലേക്ക് വന്ന വ്യക്തിയാണ് ഷാഹി കബീർ.

ജീവിതത്തിലെ പൊലീസ് വേഷം അവസാനിപ്പിച്ചെങ്കിലും സിനിമകളിലുടനീളം ഇന്നും പൊലീസ് കഥകളെയാണ് ഷാഹി കബീർ അവതരിപ്പിക്കുന്നത്. തിരക്കഥയെഴുതിയ മൂന്നു ചിത്രങ്ങൾ ജോസഫ്, നായാട്ട്, ഓഫിസർ ഓൺ ഡ്യൂട്ടി, മലയാളത്തിലെ മികച്ച പൊലീസ് ചിത്രങ്ങളാണ്. നായാട്ടിന് മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം, ഇല വീഴാ പൂഞ്ചിറയിലൂടെ മികച്ച പുതുമുഖ ഡയറക്ടർക്കുള്ള സംസ്ഥാന പുരസ്കാരം, ഷാഹി കബീറിനെ തേടിയെത്തിയ പുരസ്കാരങ്ങളും നിരവധിയാണ്.

ഇല വീഴാ പൂഞ്ചിറ, ഷാഹി കബീറിന്‍റെ ഡയറക്ടറൽ ഡെബ്യൂട്ട്. സിനിമ അതിന്‍റെ കഥാഗതികൊണ്ടും കാസ്റ്റിങ്ങ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാധാരണ ത്രില്ലർ സിനിമകളിൽ നിന്നു മാറി വ്യത്യസ്തമായ അവതരണമാണ് ഇല വീഴാ പൂഞ്ചിറയുടേത്. ജോസഫിന്‍റെയും നായാട്ടിന്‍റെയും യാതൊരു ഷേഡുമില്ലാത്ത, ദൃശ്യ മികവുകൊണ്ടും കഥാപാത്രങ്ങളുടെ അവതരണ മികവുകൊണ്ടും പ്രേക്ഷകനെ ത്രസിപ്പിക്കാൻ, ഉദ്വേഗത്തിലാഴ്ത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സൗബിൻ ഷാഹിറിന്‍റെ ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങളും സിനിമക്ക് മാറ്റു കൂട്ടുന്നു.

2025ൽ പുറത്തിറങ്ങിയ ഒഫിസർ ഓൺ ഡ്യൂട്ടി കുഞ്ചാക്കോ ബോബന്‍റെ അഭിനയ മികവു മാത്രമല്ല, ഷാഹി കബീറെന്ന തിരക്കഥാകൃത്തിന്‍റെ അവതരണ മികവും ചർച്ച ചെയ്തു. ചിത്രത്തിൽ സ്റ്റൈലിഷ് വില്ലൻമാർക്കൊപ്പം ചാക്കോച്ചന്‍ മികച്ച പെർഫോമൻസാണ് കാഴ്ചവച്ചത്. സിനിമ ചർച്ച ചെയ്ത വിഷയവും അത് അവതരിപ്പിച്ച രീതിയും ഏറെ റിയലസ്റ്റിക്കായിരുന്നു. കഥാപാത്രങ്ങൾക്ക് ഷാഹിദ് കബീർ നൽകുന്ന വ്യത്യസ്ത ഷേഡ് ഓഫിസർ ഓൺ ഡ്യൂട്ടിയിലെ ഹരിശങ്കറിലൂടെ വ്യക്തമായി കാണാം.

എന്നാൽ ഇതുവരെ വന്ന സിനിമകൾ തന്‍റെ ജീവിതാനുഭവങ്ങളല്ലെന്നാണ് ഷാഹി കബീർ ഏറ്റവും പുതിയ ചിത്രമായ റോന്തിന്‍റെ ട്രെയ്‍ലർ ലോഞ്ചിനിടെ പറഞ്ഞത്. റോന്ത് തന്‍റെയും സുഹൃത്തുക്കളുടെയും അനുഭവങ്ങൾ നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലർ ഒരു ത്രില്ലർ ഴോണറാണ് പ്രകടമാക്കുന്നത്.

ജൂൺ 13ന് റിലീസ് പ്രഖ്യാപിച്ച സിനിമ റോഷന്‍റെയും ദിലീഷ് പോത്തന്‍റെയും പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുമെന്നത് ഉറപ്പാണ്. കഥയും കഥാഗതിയും മാത്രമല്ല, അവതരണവും ഷാഹി കബീറിന്‍റെ കൈയിൽ ഭദ്രമാണെന്ന് ഇല വീഴാ പൂഞ്ചിറയിലൂടെ വ്യക്തമായതാണ്. ത്രില്ലറല്ല, മറിച്ച് ക്യാരക്ടർ ഡ്രാമയാണ് റോന്ത് എന്നാണ് സംവിധായകന്‍റെ പക്ഷം. റോഷന്‍റെ കഥാപാത്രം തന്‍റെ പൊലീസ് കാലഘട്ടവുമായി ഏറെ കണക്ട് ചെയ്യുന്നതാണെന്നും ട്രെയ്‍ലർ ലോഞ്ചിനിടെ ഷാഹി കബീർ പറഞ്ഞു.

ഒരുപക്ഷേ ഷാഹി കബീറിന്‍റെ ജീവിതത്തിലെ പൊലീസ് വേഷമാവാം അദ്ദേഹത്തിന്‍റെ സിനിമകളെ ഏറെ റിയലസ്റ്റിക് സ്വഭാവമുള്ളതാക്കുന്നത്. മലയാളത്തിലെ മികച്ച ക്രൈം, ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുകളിൽ അതുകൊണ്ടു തന്നെയാണ് ഷാഹി കബീർ പടങ്ങൾ മുൻനിരയിൽ നിൽക്കുന്നത്. ഭീതിജനകമായത് സംഭവിക്കുന്നതിലല്ല, അത് സംഭവിക്കുമെന്ന കാത്തിരിപ്പിലാണ് യഥാർഥ ഭീതി. ക്രൈം ത്രില്ലറുകളുടെ തമ്പുരാൻ ആൽഫ്രെഡ് ഹിച്ച്കോക്കിന്‍റെ വരികൾ പോലെ സംഭവിക്കാനിരിക്കുന്ന, റോന്ത് ചുറ്റുന്ന ഒരു ഷാഹി കബീർ പൊലീസ് ചിത്രത്തിനായി കാത്തിരിക്കാം. 

Tags:    
News Summary - Shahi Kabir director of police films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.