താരങ്ങളുടെ താരമായ ഷാറൂഖ് ഖാൻ പഠനകാലത്ത് അതിസമർഥനായ വിദ്യാർഥിയായിരുന്നുവെന്നത് രഹസ്യമല്ല. ഐ.ഐ.ടി പ്രവേശനപരീക്ഷ ജേതാവായിരുന്നു അദ്ദേഹം. പക്ഷേ, തെരഞ്ഞെടുത്തത് മറ്റൊരു മേഖലയാണെന്നു മാത്രം. മാസ് കമ്യൂണിക്കേഷനിൽ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ജാമിഅ മില്ലിയയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയെങ്കിലും ഷാറൂഖിന് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല, അഥവാ എഴുതിയില്ല. വിദ്യാർഥി കാലത്തെ തന്റെയൊരു അവിവേകംകൊണ്ട് ഔദ്യോഗിക ബിരുദം കിട്ടാതെ പോയ കഥ പറയുകയാണ് കിങ് ഖാൻ.
‘‘പി.ജി കാലത്തുതന്നെ ഞാൻ ‘ഫൗജി’ ടി.വി ഷോയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മതിയായ ഹാജറില്ലാത്ത പ്രശ്നം ഉദിച്ചു. അന്ന് എഴുത്തുപരീക്ഷയുടെ ഏതാനും ദിവസം മുമ്പ് ഞാൻ ലൈബ്രറിയിൽ ഇരുന്ന് പഠിച്ചുകൊണ്ടിരിക്കെ പ്രിൻസിപ്പൽ അങ്ങോട്ടുവന്നു. ‘ഹാജർ കുറഞ്ഞ നിന്നെ ഞാൻ പരീക്ഷ എഴുതിപ്പിക്കില്ലായിരുന്നു’വെന്ന് അദ്ദേഹം പറഞ്ഞു. ആ പ്രായത്തിലെ താൻപോരിമയിൽ എന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘എന്നാൽ എനിക്കീ പരീക്ഷ എഴുതേണ്ട’. ഇതും പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു.
എന്നാൽ, അടുത്ത ദിവസം മാതാവ് എന്നെയും കൂട്ടി പ്രിൻസിപ്പലിന്റെ അടുത്തെത്തി എന്നെക്കൊണ്ട് ക്ഷമ പറയിപ്പിച്ചു. എങ്കിലും ഏറെ വൈകിയതിനാലും പഠിച്ചിട്ടില്ലാത്തതിനാലും ഞാൻ മാതാവിനോട് പറഞ്ഞു: ‘ഇവിടെ ഞാനിനി പഠിക്കുന്നില്ല, പക്ഷേ, ഒരിക്കൽ തിരിച്ചുവന്ന് ഇവിടെ ക്ലാസെടുക്കും’’ -ഷാറൂഖ് പറഞ്ഞു നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.