വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഷാറൂഖ് ഖാൻ ചിത്രം പത്താൻ പ്രദർശനത്തിനെത്തിയത്. ചിത്രത്തിലെ ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് വിവാദങ്ങൾ തലപൊക്കിയത്. പാട്ടിലെ വരികളും ഗാനരംഗത്ത് നടി ദീപിക പദുകോൺ ധരിച്ചിരുന്ന കാവി നിറത്തിലുള്ള ബിക്കിനിയുമായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്. തുടർന്ന് ചിത്രം മതവികാരംവ്രണപ്പെടുത്തി എന്ന ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത് എത്തിയിരുന്നു. പത്താൻ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
പത്താൻ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഷാറൂഖ് ഖാൻ. വിജയാഘോഷത്തിന്റെ ഭാഗമായി മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം സംസാരിച്ചത്. സിനിമകളുടെ ഉദ്യേശം സ്നേഹം,സന്തോഷം, സാഹോദര്യം എന്നിവ വ്യാപിപ്പിക്കുകയാണെന്നും അല്ലാതെ ആരുടേയും വികാരം വ്രണപ്പെടുത്തുകയല്ലെന്നും ഷാറൂഖ് ഖാൻ പറഞ്ഞു.ആരുടേയും പേര് എടുത്തു പറയാതെയായിരുന്നു നടന്റെ പ്രതികരണം.
'സിനിമകൾ നല്ലതോ മോശമോ ആകാം. സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾ സിനിമകൾ നിർമിക്കുന്നത് സന്തോഷം, സ്നേഹം, സാഹോദര്യം എന്നിവ വ്യാപിപ്പിക്കാൻ വേണ്ടിയാണ്. സിനിമയിൽ ഞാൻ ദുഷ്ടനോ വില്ലനോ ആകട്ടെ. എന്നാൽ യഥാർഥ ജീവിതത്തിൽ ഞങ്ങൾ അങ്ങനെയല്ല. നിങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് സിനിമ ചെയ്യുന്നത്.
സിനിമയിൽ ഞങ്ങൾ പറയുന്ന സംഭാഷണം ആരേയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ പറയുന്നതല്ല. അത് എന്റർടെയ്മെന്റ് മാത്രമാണ്. ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു,തമാശ പറയുന്നു. സിനിമയെ സിനിമയായി മാത്രം കാണണം. സിനിമയിൽ പറയുന്നത് ഗൗരവകരമായി എടുക്കരുത്'- ഷാറൂഖ് ഖാൻ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.