ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയമായ താരമാണ് സാനിയ അയ്യപ്പൻ. മലയാള സിനിമയിൽ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കിയിട്ടുണ്ടെങ്കിലും ലൂസിഫർ, ക്വീൻ എന്ന ചിത്രങ്ങളിലെ വേഷം താരത്തെ ആളുകളുടെ ഇടയിൽ ശ്രദ്ധേയമാക്കിയിരുന്നു. ക്വീൻ എന്ന ആദ്യ ചിത്രത്തിന് ശേഷം സിനിമ തന്നെ നിർത്തിയാലോ എന്ന് ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് സാനിയ അയ്യപ്പൻ. ക്വീനിന് ശേഷം ഒരുപാട് ട്രോളുകൾ താരത്തെ തേടി എത്തിയിരുന്നു. ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ചിന്നു എന്ന കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്.
'സിനിമ എന്നത് എന്റെ പണ്ടത്തെ സ്വപ്‌നങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. ഡാൻസായിരുന്നു പണ്ടുമുതലേ പാഷൻ. റിയാലിറ്റി ഷോയിലൂടെയാണ് അപ്പോത്തിക്കിരിയും ബാല്യകാലസഖിയും കിട്ടുന്നത്. ആ പടങ്ങളിൽ ബാലതാരമായിട്ടായിരുന്നു എത്തിയത്. ക്വീൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. ആ പടം റിലീസായപ്പോൾ ഞാൻ പത്താം ക്ലാസിലെത്തി.
സിനിമ ഹിറ്റായെങ്കിലും എന്‍റെ കഥാപാത്രത്തിന് ഒരുപാട് ട്രോൾ കിട്ടി. അതുകൂടിയായപ്പോൾ ഇനി സിനിമയുടെ ഏരിയയിലേക്ക് പോലുമില്ലെന്ന് തീരുമാനമെടുത്തു. എന്നാൽ ആ സമയത്താണ് രാജു സാർ (പൃഥ്വിരാജ്) എന്നെ ലൂസിഫറിലേക്ക് വിളിച്ചത്. ആ സെറ്റാണ് എന്‍റെ തീരുമാനം മാറ്റിയത്. ലൂസിഫറിന്റെ സെറ്റ് എന്നെ സംബന്ധിച്ച് പുതിയൊരു ലോകമായിരുന്നു. ലൂസിഫറിന് ശേഷം ഞാൻ സിനിമയെ സീരിയസായി കാണാൻ തീരുമാനിച്ചു.
പക്ഷേ മലയാളത്തിൽ എന്‍റെ ലാസ്റ്റ് പടം വന്നിട്ട് രണ്ട് വർഷമായി. സാറ്റർഡേ നൈറ്റ്സ് ആയിരുന്നു അവസാനം ചെയ്‌ത മലയാള സിനിമ. പിന്നീട് തമിഴിൽ രണ്ട് സിനിമകൾ ചെയ്‌തു. രണ്ട് സിനിമയിലും നല്ല വേഷങ്ങളായിരുന്നു. ഇരുഗപ് എന്ന സിനിമ കണ്ടിട്ട് എന്‍റെ ക്യാരക്‌ടറുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടെന്ന് പറഞ്ഞ് ഒരുപാട് പേർ മെസ്സേജയച്ചു,' സാനിയ അയ്യപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.