വിജയ് ദേവരകൊണ്ട- ശാലിനി പാണ്ഡെ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമായിരുന്നു അർജുൻ റെഡ്ഡി. 2017 ൽ റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഈ ചിത്രം കബീർ സിങ് എന്ന പേരിൽ ബോളിവുഡിൽ റീമേക്ക് ചെയ്തു. ഷാഹിദ് കപൂർ- കിയാര അദ്വാനി എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ചിത്രം വൻ വിജയമായിരുന്നു.
അർജുൻ റെഡ്ഡിയിൽ നായികയായി ആദ്യം പരിഗണിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ന്ദീപ് റെഡ്ഡി വങ്ക.നാഗ ചൈതന്യ- സായ് പല്ലവി പ്രധാനവേഷത്തിലെത്തുന്ന തണ്ടേൽ എന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്. ഇന്റിമേറ്റ് രംഗങ്ങൾ സായ് പല്ലവി അഭിനയിക്കില്ലെന്നും സ്ലീവ് ലെസ് പോലും ധരിക്കില്ലെന്നുമുള്ള വിവരം ലഭിച്ചതോടെയാണ് ചിത്രത്തിൽ മാറ്റൊരാളെ കാസ്റ്റ് ചെയ്തതെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
'മലയാള സിനിമ പ്രേമം കഴിഞ്ഞത് മുതലെ സായ് പല്ലവിയുടെ അഭിനയം ഇഷ്ടമാണ്. അർജുൻ റെഡ്ഡിയിൽ ആദ്യം എന്റെ മനസിൽ സായ് പല്ലവിയായിരുന്നു. അന്ന് അവരുമായി ബന്ധപ്പെട്ടാൻ ഒരു മലയാളി കോഡിനേറ്ററെ സമീപിച്ചിരുന്നു. അയാൾ കോഡിനേറ്റർ അല്ലെന്ന് ഇപ്പോഴാണ് അറിയുന്നത്. അന്ന് സിനിമയെക്കുറിച്ച് അയാളോട് സംസാരിച്ചിരുന്നു. ഒരു റൊമാന്റിക് ചിത്രമാണെന്ന് പറഞ്ഞിരുന്നു. അയാൾ സിനിമയുടെ പ്രണയഭാഗങ്ങളെക്കുറിച്ച് തിരിക്കി. തെലുങ്ക് സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയാണെന്ന് പറഞ്ഞപ്പോൾ , സാർ അത് മറന്നേക്കൂ, ആ പെൺകുട്ടി സിനിമയ്ക്കായി ഒരു സ്ലീവ്‌ലെസ് പോലും ധരിക്കില്ലെന്ന് അയാൾ തിരിച്ചു പറഞ്ഞു.
സാധാരണ ഇങ്ങനെയുള്ള മറുപടികൾ കേൾക്കുമ്പോൾ ചിരിയാണ് വരിക. കാരണം കാലം കഴിയുന്തോറും പറ്റിയ അവസരം വരുമ്പോൾ നായികമാർ പല രീതിയില്‍ മാറുന്നതാണ് കണ്ടിട്ടുള്ളത്. എന്നാൽ സായ് പല്ലവി ഇതുവരെ മാറിയിട്ടില്ല.പത്ത് വർഷത്തിനു മുമ്പെങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും. ഇത്ര ഉറച്ച തീരുമാനം ഒരു താരത്തിൽ കാണുന്നത് അപൂർവമാണ്,’ സന്ദീപ് റെഡ്ഢി പറഞ്ഞു.
സംവിധായകന്റെ വാക്കുകൾ ചെറുചിരിയോടെയാണ് സായ് പല്ലവി കേട്ടത്.തുടർന്ന് സന്ദീപ് റെഡ്ഡിക്ക് മറുപടിയും നൽകി.'അർജുൻ റെഡ്ഡിയിലെ നായിക മിടുക്കിയായിരുന്നു, അർജുൻ റെഡ്ഡിയായി വിജയ് ദേവരകൊണ്ടയും ഭംഗിയായി ചെയ്തു. ഞാൻ വിശ്വാസിക്കുന്നത്, അഭിനേതാക്കൾ ചില വേഷങ്ങൾ ചെയ്യാൻ വിധിക്കപ്പെട്ടവരാണെന്നാണ്.ചിത്രത്തിൽ അഭിനയിച്ച അഭിനേതാക്കൾ എന്നേക്കാൾ ചിത്രത്തിന് അനുയോജ്യരായിരുന്നു. സന്ദീപ് റെഡ്ഢി വാങ്ക സവിശേഷമായ സിനിമാറ്റിക് ഭാഷയും രാജ്യമെമ്പാടും വലിയൊരു പിന്തുണയും ഉള്ള ഒരു ദീർഘവീക്ഷണമുള്ള സംവിധായകനാണ്'- സായ് പല്ലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.