സാമന്ത, വിജയ് ദേവരക്കൊണ്ട, രാജമൗലി... വിവിഎസ് ലക്ഷ്മൺ, സൈന നെഹ്‍വാൾ, മിതാലി രാജ്...; പ്രമുഖ താരങ്ങൾക്ക് എസ്​.ഐ.ആർ നോട്ടീസ്

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് കമീഷന്റെ തീ​വ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിന്റെ ഭാഗമായി സിനിമാ താരങ്ങളായ സാമന്ത റൂത്ത് പ്രഭു, വിജയ് ദേവരകൊണ്ട, ഇന്ത്യൻ ക്രിക്കറ്റ് മുൻ ബാറ്റ്സ്മാൻ വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർക്ക് എസ്.ഐ.ആർ നോട്ടീസ്. ഹൈദരാബാദിൽ താമസിക്കുന്ന മറ്റ് പ്രമുഖ വ്യക്തികൾക്കും നോട്ടീസ് ലഭിച്ചതായാണ് വിവരം.

സംവിധായകൻ എസ്.എസ്. രാജമൗലി, നടൻ മഹേഷ് ബാബു, ഭാര്യ നമ്രത, നടൻ വെങ്കടേഷ് ദഗ്ഗുബാട്ടി, അദ്ദേഹത്തിന്റെ മക്കൾ, വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കായിക താരങ്ങളായ സൈന നെഹ്‌വാൾ, മിതാലി രാജ്, പുല്ലേല ഗോപിചന്ദ് എന്നിവരും നോട്ടീസ് ലഭിച്ചവരുടെ പട്ടികയിലുണ്ട്.

വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നോട്ടീസുകൾ നൽകിയത്. സ്വന്തം പേരിലും മാതാപിതാക്കളുടെ പേരിലുമുള്ള പൊരുത്തക്കേടുകളും മുൻ എസ്.ഐ.ആർ രേഖകളുമായി ബന്ധിപ്പിക്കാൻ സാധിക്കാത്തതുമാണ് ചില കേസുകളിൽ നോട്ടീസ് നൽകാൻ കാരണം. ചില നോട്ടീസുകളിൽ പ്രത്യേക കാരണവും രേഖപ്പെടുത്തിയിട്ടില്ല.

നോട്ടീസ് ലഭിച്ചവർക്ക് പരിശോധനക്ക് ഹാജരാകാനും ആവശ്യമായ രേഖകൾ സമർപ്പിക്കാനും വിവരങ്ങളിലെ പിഴവുകൾ തിരുത്താനും അവസരം നൽകും. വ്യക്തിക്ക് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റൊരാളെ അയക്കാൻ കഴിയുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, നോട്ടീസ് ലഭിച്ചതുകൊണ്ട് മാത്രം ഒരാളുടെ വോട്ടവകാശം റദ്ദാക്കിയെന്നോ വോട്ടർപട്ടികയിൽനിന്ന് പേര് നീക്കിയെന്നോ അർഥമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത് വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കുന്ന നടപടിയുടെ ഭാഗമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. കർണാടകയിലെ എസ്.ഐ.ആർ നടപടികളുടെ ഭാഗമായും പ്രമുഖ വ്യക്തികൾക്ക് സമാനമായ നോട്ടീസുകൾ ലഭിച്ചിരുന്നു. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിക്കും കുടുംബത്തിനും സെറോധ സ്ഥാപകരായ നിഥിൻ കാമത്തിനും നിഖിൽ കാമത്തിനും നോട്ടീസ് ലഭിച്ചിരുന്നു.

Tags:    
News Summary - Samantha Vijay Deverakonda VVS Laxman in Hyderabad SIR List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.