പ്രോട്ടീൻ പൗഡറിൽ പുഴു; തുക്കാറാം മുണ്ടെയോട് സഹായം തേടി ബോളിവുഡ് നടി ബിപാഷ ബസു
മുംബൈ: വിലകൂടിയ പ്രോട്ടീൻ പൗഡറിൽ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയുമായി ബോളിവുഡ് നടി ബിപാഷ ബസു. പ്രമുഖ ബ്രാൻഡായ ഐസോപ്യുവറിന്റെ (Isopure) പുതിയ പ്രോട്ടീൻ പൗഡർ ജാർ തുറന്നപ്പോഴാണ് അതിൽ നിറയെ ചെറിയ പുഴുക്കളെ കണ്ടെത്തിയത്. സംഭവത്തിൽ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കമീഷണർ തുക്കാറാം മുണ്ടെയെ ടാഗ് ചെയ്തുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിലൂടെ പരാതി ഉന്നയിച്ചു.
വ്യാഴാഴ്ചയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പുഴുക്കളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. വിരലിൽ എടുത്ത പുഴുവിനെ കാണിച്ചുകൊണ്ട്, "ഈ ഐസോപ്യുവർ പാക്കറ്റിൽ മുഴുവൻ ചെറിയ പുഴുക്കളാണ്. ഞങ്ങൾ ഇപ്പോൾ തുറന്ന പുതിയ ഡബ്ബയാണിത്" എന്ന് ബിപാഷ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. "ഞങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളിൽ മായം ചേർത്തതോ കേടായതോ ആയവ ലഭിക്കാതിരിക്കാൻ താങ്കൾ മാത്രമാണ് ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ" എന്ന് കുറിച്ചാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടെയെ താരം ടാഗ് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും മായം ചേർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിലും വലിയ ജനപിന്തുണ നേടിയ ഉദ്യോഗസ്ഥനാണ് തുക്കാറാം മുണ്ടെ. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ കാരണം 'റിയൽ ലൈഫ് സിങ്കം' എന്നാണ് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം അറിയപ്പെടുന്നത്. മുൻപ് നടി ശ്വേത തിവാരിയും സമാനമായ വിഷയത്തിൽ മുണ്ടെയുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾക്കൊപ്പം ജീവനുള്ള പാറ്റയെ ലഭിച്ചെന്നായിരുന്നു ശ്വേതയുടെ വെളിപ്പെടുത്തൽ.
പ്രീതി സിൻ്റ, ട്വിങ്കിൾ ഖന്ന, ഡെയ്‌സി ഷാ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾ തുക്കാറാം മുണ്ടെയുടെ കർശന പരിശോധനകൾക്ക് ഇതിനകം പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 'ടീം തുക്കാറാം മുണ്ടെ' എന്നെഴുതിയ ടീഷർട്ട് ധരിച്ചുള്ള പ്രീതി സിൻ്റയുടെ ചിത്രവും അടുത്തിടെ വൈറലായിരുന്നു. 2015-ൽ പുറത്തിറങ്ങിയ 'എലോൺ' എന്ന ചിത്രത്തിലാണ് ബിപാഷ ബസു അവസാനമായി മുഴുനീള വേഷത്തിൽ എത്തിയത്. 2016-ൽ നടൻ കരൺ സിങ് ഗ്രോവറുമായി വിവാഹിതയായ താരത്തിന് 2022-ൽ ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. നിലവിൽ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.