ജേസൺ അച്ഛനും അമ്മക്കുമൊപ്പം
ആദ്യമായി തിയറ്ററിൽ കണ്ട സിനിമ അച്ഛന്‍റേതാണ്; സംവിധായകനായപ്പോൾ ആദ്യം സന്തോഷം പങ്കുവെച്ചത് അമ്മയോടെന്ന് വിജയ്‌യുടെ മകൻ
വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി കഴിഞ്ഞു. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ അണിയറപ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സേലത്ത് വെച്ച് ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റും നടന്നിരുന്നു. സന്ദീപ് കിഷനാണ് ചിത്രത്തിൽ നായകനാകുന്നത്.
പ്രീ-റിലീസ് ഇവന്റിൽ ജേസൺ സഞ്ജയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താൻ ആദ്യമായി സംവിധായകനായതിന്റെ സന്തോഷം ആദ്യം ഫോണിൽ വിളിച്ച് പങ്കുവെച്ചത് അമ്മയോടാണെന്ന് ജേസൺ തുറന്നുപറഞ്ഞു. ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ ഏതാണെന്ന് അവതാരക ചോദിച്ചപ്പോൾ 'തിരുമലൈ' എന്നായിരുന്നു ജേസന്റെ മറുപടി.
‘തിരുമലൈയാണ് ഞാൻ ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ. അന്ന് എനിക്ക് മൂന്ന് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലും എനിക്ക് ആ സിനിമ മനസ്സിലായി ജേസൺ പറഞ്ഞു. സംവിധായകനാകണമെന്ന് തോന്നിയത് ഏത് സിനിമ കണ്ടതിന് ശേഷമാണെന്നായിരുന്നു അടുത്ത ചോദ്യം. സിറ്റി ഓഫ് ഗോഡ് എന്നൊരു ബ്രസീലിയൻ സിനിമയുണ്ട്. ചെറുപ്പത്തിൽ കണ്ട സിനിമയാണത്. ആ സിനിമ കണ്ടതിന് ശേഷമാണ് സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസ്സിൽ തോന്നിയത്’ എന്നും ജേസൺ കൂട്ടിച്ചേർത്തു.
ആ സിനിമയാണ് ശരിക്കും എനിക്ക് പ്രചോദനമായത്. എന്നെ പ്രചോദിപ്പിച്ച ഒരുപാട് സിനിമകളിൽ ഒന്നാണത്" - എന്ന് ജേസൺ കൂട്ടിച്ചേർത്തു. ഞാൻ ഒരു സംവിധായകനായി എന്ന് ആദ്യം ഫോൺ വിളിച്ച് പറഞ്ഞത് എന്റെ അമ്മയോടാണ്. അമ്മ ഭയങ്കര ഹാപ്പിയായിരുന്നു ജേസൺ പറഞ്ഞു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തൂൺ അമ്മയാണ്. എന്റെയും സഹോദരിയുടെയും കാര്യങ്ങളെക്കുറിച്ച് 24 മണിക്കൂറും അമ്മ ചിന്തിച്ചുകൊണ്ടിരിക്കും. ഒരു ദിവസം ഞാൻ തിരക്കുമൂലം അമ്മയെ വിളിക്കാൻ മറന്നുപോയാൽ പോലും, എന്തുപറ്റിയെന്ന് അന്വേഷിച്ച് അമ്മ തിരിച്ചുവിളിക്കാറുണ്ട്’ എന്ന് ജേസൺ സ്നേഹത്തോടെ ഓർത്തെടുത്തു.
'വളരെ ചെറുപ്പം മുതലേ ഞാൻ സിനിമാ സെറ്റുകളിൽ പോകാറുണ്ടായിരുന്നു. അതിനാൽ തന്നെ ആ ഒരു അന്തരീക്ഷം എനിക്ക് വളരെ പരിചിതമാണ്. എന്റെ പല സുഹൃത്തുക്കളും സിനിമയെ ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാടിലൂടെ വെറും വിനോദമായി മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഞാൻ അതിൽ നേരിട്ട് ഇടപഴകിയിരുന്നതിനാലും എന്റെ അച്ഛൻ ഇത്രയും വർഷമായി ആ മേഖലയിൽ തിളങ്ങി നിൽക്കുന്നത് കണ്ടതിനാലും ചെറുപ്പം മുതൽ തന്നെ സിനിമയോട് എനിക്കൊരു പ്രത്യേക താല്പര്യമുണ്ടായിരുന്നെന്നും ജേസൺ പറയുന്നു.
അതേസമയം, ജേസൺ പരാമർശിച്ച 'തിരുമലൈ' രമണ രചനയും സംവിധാനവും നിർവഹിച്ച് 2003ൽ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് ആക്ഷൻ ചിത്രമാണ്. വിജയ്, ജ്യോതിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം അന്നത്തെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.