'ആർക്കും അതറിയില്ല, 2024ൽ ഞങ്ങൾ വിവാഹമോചിതരായി'; ഞാനിപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്: ശ്രീനാഥ് ഭാസി
കൊച്ചി: താൻ വിവാഹമോചിതനായെന്ന വെളിപ്പെടുത്തലുമായി നടൻ ശ്രീനാഥ് ഭാസി. 2024-ൽ ഭാര്യയുമായി വേർപിരിഞ്ഞെന്നും വിവാഹമോചനത്തിന് ശേഷം ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും താരം വ്യക്തമാക്കി. പുതിയ ചിത്രമായ 'അവറാച്ചൻ ആൻഡ് സൺസി'ന്റെ പ്രൊമോഷന്റെ ഭാഗമായി 'എഫ്ടിക്യു വിത്ത് രേഖാ മേനോൻ' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മനസ് തുറന്നത്.
അഭിമുഖത്തിനിടെ നടൻ ബിജു മേനോൻ മാതാപിതാക്കളെക്കുറിച്ചുള്ള ഓർമകളും അവർക്കൊപ്പമുണ്ടായിരുന്ന കാലത്തെക്കുറിച്ചും പങ്കുവെച്ചപ്പോഴാണ് ശ്രീനാഥ് ഭാസി തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. "ഞാനിപ്പോൾ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം തന്നെയാണ് ഞാൻ. 2024-ലാണ് ഭാര്യയുമായി വേർപിരിയുന്നത്. അത് അങ്ങനെ ആർക്കുമറിയില്ല. ഈ അഭിമുഖത്തിലൂടെ ഇനി എല്ലാവരും അറിയും," ശ്രീനാഥ് ഭാസി പറഞ്ഞു.
മാതാപിതാക്കളോടൊപ്പമുള്ള ജീവിതത്തെക്കുറിച്ചും താരം വാചാലനായി. "ചിലപ്പോൾ അച്ഛനോട് വഴക്കിട്ടിട്ട് ഞാൻ മുകളിലത്തെ നിലയിലേക്ക് പോകും. നമ്മളിനി ഒരുമിച്ച് താമസിക്കുന്നത് ശരിയാകില്ലെന്നൊക്കെ ദേഷ്യത്തിൽ പറയും. എന്നാൽ, വഴക്കിട്ട് പടികൾ കയറുമ്പോഴാണ് അവരില്ലാതെ എനിക്ക് പറ്റില്ലെന്ന കാര്യം ഞാൻ തിരിച്ചറിയുന്നത്. അത് ഭയങ്കര കഠിനമാണ്. ഇപ്പോൾ ആ നിമിഷങ്ങളെല്ലാം ഞാൻ ആസ്വദിക്കുകയാണ്. വീട്ടിൽ അവർക്ക് സമയം ചിലവഴിക്കാനായി കുറച്ച് കോയി ഫിഷുകളെയും ഒരു പട്ടിയെയും വാങ്ങിക്കൊടുത്തിട്ടുണ്ട്," നടൻ വ്യക്തമാക്കി.
2016-ലായിരുന്നു തിരുവനന്തപുരം സ്വദേശിയായ റീത്തു സക്കറിയയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള വിവാഹം. ശ്രീനാഥ് വി.ജെ ആയിരുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പത്ത് വർഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.
ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി തമ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അവറാച്ചൻ ആൻഡ് സൺസ്'. ചിത്രത്തിൽ ബിജു മേനോന്റെ മക്കളിലൊരാളായാണ് ശ്രീനാഥ് ഭാസി എത്തുന്നത്. ഗണപതി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.