സൽമാനും ഷേറയും
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ അറിയുന്ന പലർക്കും ഷേറയും പരിചിതനാണ്. സൽമാൻ ഖാന്റെ വിശ്വസ്തനായ അംഗരക്ഷകനാണ് ഷേറ. ഒരു സുരക്ഷ ജീവനക്കാരൻ എന്നതിലുപരി ഷേറ സൽമാന്റെ കുടുംബത്തിലെ അഗത്തെപ്പോലെയാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അദ്ദേഹം സൽമാനോടൊപ്പമുണ്ട്.
ഷേറയുടെ യഥാർഥ പേര് ഗുർമീത് സിങ് ജോളി എന്നാണ്. മുംബൈ സ്വദേശിയാണ്. ജൂനിയർ മിസ്റ്റർ മുംബൈ, ജൂനിയർ മിസ്റ്റർ മഹാരാഷ്ട്ര ഫസ്റ്റ് റണ്ണറപ്പ് എന്നിങ്ങനെ ബോഡി ബിൽഡിങ്ങിൽ കിരീടങ്ങൾ നേടിയാണ് ഷേറ തന്‍റെ കരിയർ ആരംഭിച്ചത്. 1990കളിലാണ് അദ്ദേഹം സുരക്ഷ രംഗത്തേക്ക് തിരിഞ്ഞത്.
വിസ്‌ക്രാഫ്റ്റിനൊപ്പം പ്രവർത്തിക്കുകയും കീനു റീവ്‌സ് പോലുള്ള ഹോളിവുഡ് താരങ്ങൾക്ക് അംഗരക്ഷകനായി നിൽക്കുകയും ചെയ്തു. 1997ൽ സൽമാനെ ഇൻഡോറിലെ ഒരു ഷോയിലേക്ക് കൊണ്ടുപോകാനായി സോഹൈൽ ഖാൻ ഷേറയെ നിയമിച്ചതോടെയാണ് ഇരുവരും ഒന്നിച്ചുള്ള യാത്ര ആരംഭിച്ചത്.
ഷേറയുടെ പ്രതിമാസ ശമ്പളം ഏകദേശം 15 ലക്ഷം രൂപയാണെന്നും അദ്ദേഹത്തിന്റെ ആസ്തി 100 കോടി രൂപയിലധികമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024 ൽ അദ്ദേഹം 1.4 കോടി രൂപ വിലമതിക്കുന്ന ഒരു റേഞ്ച് റോവർ വാങ്ങിയത് വൈറലായിരുന്നു. ഇന്ത്യ സന്ദർശിക്കുന്ന ബോളിവുഡ്, ഹോളിവുഡ് താരങ്ങൾക്ക് സേവനം നൽകുന്ന ടൈഗർ സെക്യൂരിറ്റി എന്ന കമ്പനിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. സൽമാനുവേണ്ടി വെടിയേൽക്കാൻ പോലും താൻ തയാറാണെന്ന് ഷേറ എപ്പോഴും പറയാറുണ്ട്. താനും ഷേറയെ പൂർണമായി വിശ്വസിക്കുന്നുണ്ടെന്ന് സൽമാനും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.