കരീന കപൂറും സെയ്ഫ് അലി ഖാനും
സെയ്ഫിന്റെ ഷെൽഫിൽ ചരിത്രവും പ്രേതകഥകളും; കരീനയുടെ കൈയ്യിൽ ക്രൈം ത്രില്ലറുകൾ
ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. വീടും സിനിമയും പൊതുവേദികളിലെ തിരക്കുകളുമെല്ലാം ഒന്നിച്ചാണെങ്കിലും, ഇരുവരുടെയും പുസ്തക ഷെൽഫുകൾ പരിശോധിച്ചാൽ പറയുന്ന കഥ മറ്റൊന്നാണ്. പൂർണമായും വ്യത്യസ്തമായ രണ്ട് വായനാലോകങ്ങളാണ് ഇരുവർക്കുമുള്ളത്. സെയ്ഫ് ചരിത്രം, പുരാണം, മനഃശാസ്ത്രം, കല, പ്രേതകഥകൾ എന്നിവയാണ് വായിക്കാൻ ഇഷ്ടപ്പെടുന്നതെങ്കിൽ, കരീനക്ക് പ്രിയം ക്രൈം ത്രില്ലറുകളോടാണ്. അടുത്തിടെ ഇരുവരും തങ്ങളുടെ വായനാശീലങ്ങളെ കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് ഈ രസകരമായ വ്യത്യാസം വീണ്ടും ചർച്ചയായത്.
കരീന കപൂർ താൻ വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജാപ്പനീസ് എഴുത്തുകാരൻ കെയ്ഗോ ഹിഗാഷിനോയുടെ പുസ്തകങ്ങളും ജെ.കെ. റൗളിങ് റോബർട്ട് ഗാൽബ്രെയ്ത് എന്ന തൂലികാനാമത്തിൽ എഴുതിയ 'ദ സിൽക്ക് വേം' എന്ന പുസ്തകവുമാണ് അവർ പ്രത്യേകം എടുത്തു പറഞ്ഞത്. ഹിഗാഷിനോയുടെ 'സാൽവേഷൻ ഓഫ് എ സെയിന്റ്' എന്ന പുസ്തകം അസാധ്യമെന്ന് തോന്നുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന കഥയാണ്. ഒരിക്കൽ തന്റെ വായനാശീലത്തെ കുറിച്ച് പറയുമ്പോഴാണ് കരീന ഈ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്.
രസകരമായ കാര്യം, കരീന താൻ എപ്പോഴും വായനക്കാരിയായിരുന്നില്ല എന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്. പിന്നീട് മാസം രണ്ട് പുസ്തകങ്ങൾ വീതം വായിക്കാൻ തുടങ്ങിയതായും, അതിലേറെയും ക്രൈം ത്രില്ലറുകളാണെന്നും അവർ കൂട്ടിച്ചേർത്തു. വായനയിലേക്ക് തിരികെ വരാൻ കൊലപാതകവും ദുരൂഹതയും നിറഞ്ഞ പുസ്തകങ്ങളെക്കാൾ നല്ല വഴിയില്ലല്ലോ എന്നാണ് കരീനയുടെ പക്ഷം. യാത്ര ചെയ്യുമ്പോൾ ഞാൻ വളരെ പ്രത്യേകം ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. ഒരു നല്ല പുസ്തകം സാധാരണ എന്റെ ബാഗിൽ കാണും, എന്നിരുന്നാലും അത് വായിക്കാൻ സമയം കിട്ടുമോ എന്നത് മറ്റൊരു കാര്യമാണെന്ന് സെയ്ഫ് പറയുന്നു.
ഒരു ഘട്ടത്തിൽ താൻ ഫിക്ഷൻ വായന ഏറെക്കുറെ നിർത്തിയെന്നും, പകരം ചരിത്ര പുസ്തകങ്ങളിലേക്ക് തിരിഞ്ഞെന്നും സെയ്ഫ് പറഞ്ഞിട്ടുണ്ട്. കഥകൾ ഉണ്ടാക്കുന്നതിനേക്കാൾ, സംഭവിച്ച കാര്യങ്ങൾ അറിയാനാണ് തനിക്ക് ഇഷ്ടമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വായന തനിക്ക് കാഴ്ചപ്പാട് നൽകുന്നുവെന്നാണ് സെയ്ഫ് പറയുന്നത്. സെയ്ഫിന്റെ വായനാലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേരുകൾ മഹാഭാരതവും ഗ്രീക്ക് പുരാണവുമാണ്.
മഹാഭാരതം തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണെന്ന് സെയ്ഫ് പറയുന്നു. കുടുംബം, അധികാരം, ധർമം, പ്രതികാരം, ധാർമിക പ്രതിസന്ധികൾ എന്നിവയെല്ലാം ചേർന്ന ഈ ഇതിഹാസം ഒരു നടന് പഠിക്കാൻ ഏറ്റവും നല്ല കഥാപാത്രങ്ങളുടെ കലവറയാണ്. ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ ലക്ഷ്യങ്ങളും സങ്കീർണമായ മാനസികാവസ്ഥകളുമുണ്ടെന്നും അതാണ് തന്നെ ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു കഥയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്ന അനന്തമായ ശൃംഖലയാണ് ഗ്രീക്ക് പുരാണമെന്നും സെയ്ഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.