'ഗീത ഗോവിന്ദം സെറ്റിൽവെച്ച് വിജയ് എന്നെ കരയിപ്പിച്ചിട്ടുണ്ട്'; ഒന്നിച്ചുള്ള ആദ്യ സിനിമയിലെ അനുഭവം പങ്കുവെച്ച് രശ്മിക മന്ദാന

സിനിമയിലേക്ക് പുതുതായി കടന്നുവന്ന ആ നാളുകൾ, ഒപ്പമുള്ളവർക്ക് മുന്നിൽ എങ്ങനെ പെരുമാറണമെന്നറിയാത്ത സങ്കോചം. അങ്ങനെയൊരു സമയത്താണ് 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയെ ആദ്യമായി കണ്ടുമുട്ടുന്നത്. എന്നാൽ ആ ആദ്യ കൂടിക്കാഴ്ച തന്നെ തനിക്ക് ഏറെ സങ്കടമുണ്ടാക്കിയെന്നും വിജയ്‌യുടെ പരുക്കൻ പെരുമാറ്റം തന്നെ കരയിപ്പിച്ചെന്നും രശ്മിക ഒരു അഭിമുഖത്തിൽ ഓർത്തെടുത്തു.

ഷൂട്ടിങിന്റെ ആദ്യ ദിവസം താൻ വണ്ടിയിൽ വെച്ചോ മറ്റോ ഒരു പാട്ട് കേൾക്കുകയായിരുന്നുവെന്നും അത് കേട്ട് ദേഷ്യം വന്ന വിജയ് "ആ പാട്ട് ഒന്ന് ഓഫ് ചെയ്യൂ" എന്ന് ഉറക്കെ വിളിച്ചുപറയുകയാണുണ്ടായതെന്നും താരം പറയുന്നു. തുടക്കക്കാരിയായിരുന്ന തനിക്ക് അന്ന് വിജയ് ഒപ്പമുള്ള ഒരു വലിയ താരമായിരുന്നു. അതുകൊണ്ടുതന്നെ വളരെ ആദരവോടെയാണ് താരം അദ്ദേഹത്തെ 'സർ' എന്ന് വിളിച്ചിരുന്നത്. എന്നാൽ ആദ്യ ദിവസത്തെ ആ പെരുമാറ്റം തനിക്ക് വലിയൊരു ആഘാതമായി മാറിയെന്ന് രശ്മിക വ്യക്തമാക്കി.

താൻ തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരനാണെന്നും മറ്റുള്ളവർക്ക് അത് എങ്ങനെ അനുഭവപ്പെടുമെന്ന് താൻ ആ സമയത്ത് ചിന്തിച്ചിരുന്നില്ലെന്നും വിജയ് ദേവരകൊണ്ട ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. 'ഇത് എന്ത് വൃത്തികെട്ട പാട്ടാണ് നിങ്ങൾ വെച്ചിരിക്കുന്നത് എന്ന് ഞാൻ അന്ന് പെട്ടെന്ന് കയർത്തു ചോദിച്ചുപോയി. തുടക്കത്തിൽ പരസ്പരം നന്നായി അറിയാത്തതുകൊണ്ട് ആ തമാശയോ ശൈലിയോ അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല,' വിജയ് വ്യക്തമാക്കി. ഒരു പുതിയ അന്തരീക്ഷത്തിലേക്ക് വരുമ്പോൾ ഇത്തരം കാര്യങ്ങൾ തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും താൻ അന്ന് ഒരുപാട് കരഞ്ഞുവെന്നും രശ്മിക കൂട്ടിച്ചേർത്തു.

എന്നാൽ പിന്നീട് ആ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കവെ രണ്ടുപേരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. തന്നെ 'സർ' എന്ന് വിളിക്കുന്നത് നിർത്തി പേരെടുത്ത് വിളിക്കാൻ വിജയ് ആവശ്യപ്പെട്ടതായും ഡയലോഗുകൾ പറയാൻ പോലും അദ്ദേഹം തനിക്ക് ആ നാളുകളിൽ വലിയ പിന്തുണ നൽകിയതായും രശ്മിക പറയുന്നു. ഗീത ഗോവിന്ദം, ഡിയർ കോമറേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയ ഇരുവരും ഇപ്പോൾ രണബാലി എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ച് വലിയൊരു തിരിച്ചുവരവിനൊരുങ്ങുകയാണ്.

Tags:    
News Summary - Vijay made me cry on the sets of Geetha Govindam says Rashmika Mandanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.