പ്രിയദർശൻ,മോഹൻലാൽ,ശോഭന
പ്രിയനൊപ്പം ചെയ്തതിൽ പ്രിയപ്പെട്ട ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’; മനസ്സ് തുറന്ന് മോഹൻലാൽ
മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന എവർഗ്രീൻ മലയാള ചിത്രം 'തേന്മാവിൻ കൊമ്പത്ത്' വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. പുത്തൻ സാങ്കേതിക മികവിൽ 4K ദൃശ്യ മിഴിവോടെയാണ് ചിത്രം ഒക്ടോബർ 8 ന് ആഗോള റീ-റിലീസിനായി ഒരുങ്ങുന്നത്. റീ-റിലീസിന് മുന്നോടിയായി ചിത്രത്തെക്കുറിച്ചുള്ള ഓർമകളും തന്റെ പ്രിയപ്പെട്ട സിനിമയോടുള്ള ഇഷ്ടവും പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.
മനോഹരമായ ഫ്രെയിമുകളിലൂടെ ദൃശ്യവിരുന്നൊരുക്കിയും പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സിനിമയാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശനൊപ്പം താൻ ചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഇതെന്നാണ് മോഹൻലാൽ പറയുന്നത്. പുതിയ സാങ്കേതിക മികവിൽ തന്റെ മാണിക്യനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ താനും കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
1994ൽ പുറത്തിറങ്ങിയ ചിത്രം മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും മലയാളിയുടെ പ്രിയ സിനിമകളിൽ ഒന്നായി തുടരുകയാണ്. മോഹൻലാൽ അവതരിപ്പിച്ച മാണിക്യൻ, ശോഭനയുടെ കാർത്തുമ്പി, നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ തമ്പുരാൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലം, നിഷ്കളങ്കമായ പ്രണയം, നർമ്മ മുഹൂർത്തങ്ങൾ എന്നിവയെല്ലാം ഇന്നും ഓർമിക്കപ്പെടുന്നു. പഴയ തലമുറക്ക് ഗൃഹാതുരത്വവും പുതിയ തലമുറക്ക് പുതിയൊരു തിയറ്റർ അനുഭവവും സമ്മാനിക്കാനാണ് ഈ റീ-റിലീസിലൂടെ അണിയറക്കാർ ലക്ഷ്യമിടുന്നത്.
ഒറിജിനൽ 35mm നെഗറ്റീവ് 4K യിൽ സ്കാൻ ചെയ്ത് സൂപ്പർ 4K ലെവലിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് തയാറാക്കിയത്. കെ.വി ആനന്ദ് ഒരുക്കിയ മനോഹരമായ ഫ്രെയിമുകൾ ഇതിലൂടെ കൂടുതൽ മിഴിവോടെ തിയറ്ററിൽ ആസ്വദിക്കാനാകും. ഒറിജിനൽ ചിത്രത്തിന്റെ ദൃശ്യ ഭംഗിയും ഫീലും ഒട്ടും ചോർന്നു പോകാതെയാണ് റീമാസ്റ്ററിങ് നടത്തിയിരിക്കുന്നത്. ദൃശ്യ മികവ് മാത്രമല്ല, ശബ്ദ മികവും പുതിയ പതിപ്പിന്റെ ഹൈലൈറ്റ് ആണ്.
ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയിലാണ് ചിത്രം ഇപ്പോൾ മിക്സ് ചെയ്തിരിക്കുന്നത്. ബേർണി - ഇഗ്നേഷ്യസ് ഒരുക്കിയ ഹിറ്റ് ഗാനങ്ങളും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും എസ്.പി വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും എല്ലാം പുതിയ സൗണ്ട് മിക്സിൽ കൂടുതൽ മികവോടെ തിയറ്ററിൽ അനുഭവപ്പെടും. ചിത്രം രചനയും സംവിധാനവും നിർവ്വഹിച്ചത് പ്രിയദർശൻ ആണ്.
ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ദേശീയ തലത്തിൽ മികച്ച ഛായാഗ്രഹണത്തിന് കെ.വി ആനന്ദും മികച്ച പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലും അവാർഡ് നേടിയ ചിത്രം അഞ്ച് സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിരുന്നു. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണൻ ആണ് ചിത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.