അജയ് ദേവ്ഗണിന്‍റെ ആഡംബര വില്ലയിൽ ഒരു രാത്രി താമസിക്കാൻ 83000 രൂപ; വാർത്തകളിൽ ഇടംപിടിച്ച് ഗോവയിലെ വില്ല എറ്റേണ
ബോളിവുഡ് താരം അജയ് ദേവ്ഗൺ നായകനായെത്തിയ പുതിയ ചിത്രം ദൃശ്യം 3 ഒക്ടോബർ 2-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തതോടെ താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. അജയ് ദേവ്ഗണിന്‍റെയും ഭാര്യ കാജോളിന്‍റെയും ഗോവയിലെ വില്ല എറ്റേണ എന്ന അവധിക്കാല വസതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇവിടെ പൊതുജനങ്ങൾക്കും ബുക്ക് ചെയ്ത് താമസിക്കാൻ അവസരമൊരുങ്ങുകയാണ്.
വടക്കൻ ഗോവയിലെ മൊയ്റ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ആഡംബര വില്ലയിൽ ഒരു രാത്രി തങ്ങാൻ ഏകദേശം 83000 രൂപ വരെയാണ് ചെലവ് വരുന്നത്. തിയതികളും ബുക്കിംഗ് പ്ലാനുകളും അനുസരിച്ച് നിരക്കുകളിൽ ചെറിയ വ്യത്യാസങ്ങൾ വരാം. പ്രമുഖ ട്രാവൽ പ്ലാറ്റ്‌ഫോമായ മേക്ക് മൈ ട്രിപ്പ് വഴി പരിശോധിച്ചപ്പോൾ നികുതിയും ഫീസും ഉൾപ്പെടെ ഏകദേശം 82600 രൂപയാണ് ഒരു രാത്രിയുടെ വാടകയായി കാണിക്കുന്നത്. താജ് ഗ്രൂപ്പിന്റെ ആമാ സ്റ്റേയ്സ് & ട്രെയിൽസ് ആണ് ഈ വില്ല നിയന്ത്രിക്കുന്നത്.
പോർച്ചുഗീസ് മാതൃകയിലുള്ള ആർക്കിടെക്ചറും ആധുനിക സൗകര്യങ്ങളും ഇഴചേർന്നതാണ് ഈ വില്ലയുടെ ഇന്റീരിയർ. താരദമ്പതികൾ അവധിക്കാലം ആഘോഷിക്കാനായി ഉപയോഗിച്ചിരുന്ന ഈ വീട്ടിൽ അവരുടെ വ്യക്തിഗത സ്പർശമുള്ള പല അലങ്കാരവസ്തുക്കളും ചിത്രങ്ങളും ഇപ്പോഴും കാണാൻ സാധിക്കും.
5 കിംഗ് സൈസ് ബെഡ്‌റൂമുകൾ, സ്വകാര്യ നീന്തൽക്കുളം, മനോഹരമായ പൂന്തോട്ടവും ഔട്ട്ഡോർ സിറ്റിംഗും, വിശാലമായ ഡൈനിംഗ് ഏരിയയും അടുക്കളയും, ഗെയിംസ് റൂം, ഇൻഡോർ ഗെയിമുകൾ, പ്രൈവറ്റ് പാർക്കിംഗ്, സൗജന്യ വൈഫൈ എന്നിങ്ങനെ അതി വിശാലവും മികച്ച സൗകര്യങ്ങളുമുള്ളതാണ് ഈ ആഡംബര ഭവനം. ബോളിവുഡ് ആരാധകർക്കും ഗോവ യാത്രകളിൽ വ്യത്യസ്തമായ ആഡംബര അനുഭവം ആഗ്രഹിക്കുന്നവർക്കും ഇതൊരു മികച്ച അനുഭവമായിരിക്കുമെന്നാണ് ട്രാവൽ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.