വിജയ് യും ജേസൺ സഞ്ജയും
അച്ഛനും മകനും ഒരുപോലെ! വൈറൽ വിഡിയോകളിൽ പ്രതികരണവുമായി വിജയ്‌യുടെ മകൻ ജേസൺ
തമിഴ്‌നാട്ടിൽ ചർച്ചയായി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്. വിജയ്‌യുടെ മകനെന്ന ലേബലിൽ നിന്ന് മാറി ഒരു സംവിധായകനായി തന്റെ ആദ്യ ചിത്രമായ 'സിഗ്മ'യുമായി എത്തിയിരിക്കുകയാണ് ജേസൺ. സുനിൽ കിഷനും ഫാരിയ അബ്ദുള്ളയും പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ, മറ്റൊരു കാര്യവും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജേസൺ സഞ്ജയും അച്ഛൻ വിജയ് യും തമ്മിലുള്ള സാമ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. പേർളി മാണിയുമായുള്ള ഒരു പ്രൊമോഷണൽ അഭിമുഖത്തിലാണ് ജേസൺ ഇതിനെ കുറിച്ച് മനസ്സ് തുറന്നത്. അച്ഛനും മകനും തമ്മിലുള്ള മുഖ സാദൃശ്യം എടുത്തു കാണിക്കുന്ന നിരവധി വിഡിയോകളാണ് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പ്രചരിക്കുന്നത്.
വിജയ് യിൽ നിന്ന് ജേസണിലേക്ക് മാറുന്ന ട്രാൻസിഷൻ വിഡിയോകൾ, ഇരുവരുടെയും മുഖഭാവങ്ങളിലെ സാമ്യം എടുത്തു കാണിക്കുന്ന എഡിറ്റുകൾ എന്നിവക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ജേസണ് ചിരിയായിരുന്നു മറുപടി. അത്തരം വിഡിയോകൾ കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും, എന്നാൽ അതൊന്നും തന്റെ നിയന്ത്രണത്തിലല്ല എന്നുമാണ് ജേസൺ പറഞ്ഞത്.
അഭിമുഖത്തിൽ ഏറ്റവും ശ്രദ്ധേയമായ ചോദ്യം ‘അച്ഛൻ വിജയ് യെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്താൽ എന്ത് കഥയായിരിക്കും? എന്നതായിരുന്നു. ആക്ഷനോ മാസ്സോ അല്ല, പകരം വിജയ്‌യുടെ ഫൺ ആയിട്ടുള്ള, നിഷ്കളങ്കമായ വശം പുറത്തുകൊണ്ടുവരുന്ന ഒരു ലൈറ്റ് ഹാർട്ടഡ് റൊമാന്റിക് കോമഡി ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്ന് ജേസൺ പറഞ്ഞു. അച്ഛൻ പല സിനിമകളിലും ഇത്തരം വശങ്ങൾ കാണിച്ചിട്ടുണ്ടെന്നും, രസകരവും എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നതുമായ കഥാപാത്രങ്ങളുള്ള ഒരു കഥയായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്നും ജേസൺ വ്യക്തമാക്കി.
അച്ഛൻ സാധാരണയായി വളരെ ശാന്തനായ വ്യക്തിയാണ്. അദ്ദേഹം പ്രതികരിക്കാൻ സമയമെടുക്കും. ഞാൻ ഒരു ചോദ്യം ചോദിച്ചാൽ, മറുപടി പറയാൻ 10 സെക്കൻഡ് എടുക്കും ജേസൺ പറഞ്ഞു. ഫോണിൽ സംസാരിക്കുമ്പോൾ പലപ്പോഴും നിശബ്ദത കാരണം തനിക്ക് തന്നെ സംശയം തോന്നാറുണ്ടെന്നും ജേസൺ തമാശയായി പറഞ്ഞു.
അദ്ദേഹം കുറേ നേരം മിണ്ടാതിരുന്നാൽ ഞാൻ ചോദിക്കും, 'നിങ്ങൾ കോൾ കട്ട് ചെയ്തോ അപ്പാ?' ചിന്തിക്കൂ, ഒരു തീരുമാനത്തിൽ എത്തൂ, എന്നിട്ട് എന്നെ വിളിക്കൂ അല്ലെങ്കിൽ മെയിൽ ചെയ്യൂ എന്നാണ് ഞാൻ പറയാറ് ജേസൺ പറഞ്ഞു. തന്റെ ആദ്യ ചിത്രമായ 'സിഗ്മ'യെ കുറിച്ചും ജേസണ് പ്രതീക്ഷയുണ്ട്. ഒരു സിനിമ കണ്ട് വിലയിരുത്താൻ ഫോണിൽ ഒരു ചോദ്യത്തിന് മറുപടി പറയുന്നതിനേക്കാൾ കൂടുതൽ സമയം വേണമെന്ന് തനിക്കറിയാമെന്നും, അതുകൊണ്ട് തന്നെ അച്ഛൻ സിനിമ കണ്ട് അഭിപ്രായം പറയാൻ സമയമെടുക്കുമെന്നും ജേസൺ പറഞ്ഞു.
എങ്കിലും അദ്ദേഹത്തിന് സിനിമ ഇഷ്ടപ്പെടും. അദ്ദേഹത്തിന് അഭിമാനം തോന്നും എന്ന് ജേസൺ ആത്മവിശ്വാസത്തോടെ പറഞ്ഞു. U/A സർട്ടിഫിക്കറ്റോടെയാണ് സിഗ്മ തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 2.35 കോടി നെറ്റ് കലക്ഷനും 2.70 കോടി ഗ്രോസ് കലക്ഷനും ചിത്രം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.