സെയ്ഫ് അലി ഖാൻ
ന്യൂഡൽഹി: തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോടതിയിൽ അപേക്ഷ നൽകി നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിലെ പ്രതി ഹമ്മദ് ഷരീഫുൾ ഇസ്ലാം. അറസ്റ്റ് സമയത്ത് ആവശ്യമായ എല്ലാ വിവരങ്ങളും തനിക്ക് നൽകിയിട്ടില്ലെന്ന് ഇയാൾ ചൂണ്ടിക്കാട്ടി.
മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം (30) സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. പിന്നീട്, തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി തന്റെ അഭിഭാഷകൻ അജയ് ഗാവ്‌ലി മുഖേന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ അപേക്ഷ സമർപ്പിച്ചു.
ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബി.എൻ.എസ്.എസ്)യുടെ സെക്ഷൻ 47 അന്വേഷണ ഏജൻസി വ്യക്തമായി അവഗണിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ തന്നെ ഒരാളെ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങളെക്കുറിച്ചും ജാമ്യത്തിനുള്ള അവകാശത്തെക്കുറിച്ചും അറിയിക്കുന്നതാണ് ഈ വ്യവസ്ഥ.
പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യത്തിന്റെ എല്ലാ വിവരങ്ങളും പൊലീസ് രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് ഹരജിയിൽ വാദിച്ചു. ഈ നിർബന്ധിത വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് കാണിക്കുന്നതിന് അനുബന്ധ രേഖകളൊന്നും ലഭ്യമല്ലെന്നും കൂട്ടിച്ചേർത്തു. പൊലീസിനോട് മറുപടി നൽകാൻ കോടതി ആവശ്യപ്പെടുകയും കേസ് മേയ് 13 ലേക്ക് മാറ്റുകയും ചെയ്തു.
ഈ വർഷം ജനുവരി 16 ന് ബാന്ദ്രയിലെ 12-ാം നിലയിലുള്ള അപ്പാർട്ടുമെന്റിൽ വെച്ചാണ് പ്രതി സെയ്ഫിനെ കത്തികൊണ്ട് ആവർത്തിച്ച് കുത്തിയത്. നടനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി അഞ്ച് ദിവസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.