സെയ്ഫ് അലിഖാൻ-കരീന കപൂർ ദമ്പതിമാർ കുഞ്ഞുങ്ങൾക്കൊപ്പം
‘‘ഇത്തരം ഉള്ളടക്കങ്ങളാണോ യഥാർഥത്തിൽ ആളുകൾ ആവശ്യപ്പെടുന്നത്? മറ്റുള്ളവരുടെ സങ്കടങ്ങൾ ആഘോഷിക്കുകയാണോ നിങ്ങൾ’’
കഴിഞ്ഞ ജനുവരിയിൽ ബോളിവുഡ് താരം സെയ്ഫ് അലി ഖാനുനേരെ കവർച്ചക്കാരൻ നടത്തിയ ആക്രമണത്തെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് സെയ്ഫിന്റെ പങ്കാളിയും നടിയുമായ കരീന കപൂർ. മുംബൈയിലെ വീട്ടിൽ ആക്രമണം നടക്കുമ്പോൾ കരീനയെ അവിടെയെങ്ങും കണ്ടില്ലെന്നും ആക്രമണത്തിന്റെ സത്യാവസ്ഥ എന്തായിരുന്നുവെന്നുമുള്ള ചില മാധ്യമങ്ങളുടെ മുനവെച്ച ചോദ്യങ്ങൾ തീർത്തും വൃത്തികെട്ടതായിരുന്നുവെന്നും കരീന തുറന്നടിക്കുന്നു.
ബുദ്ധിമുട്ടേറിയ സമയത്ത് തനിക്കും കുടുംബത്തിനുമെതിരെ ഉണ്ടായ ട്രോളുകളും കമന്റുകളും അമ്പരപ്പിക്കുന്നതായിരുന്നുവെന്നും ഈയിടെ ഒരു അഭിമുഖത്തിൽ അവർ വ്യക്തമാക്കി. ഇന്നത്തെ കാലത്ത് മാധ്യമങ്ങൾ അവരുടെ പ്രേക്ഷകർക്ക് നൽകുന്ന ഉള്ളടക്കത്തിൽ പലതും അത്രമേൽ മലിനമായതാണെന്നും അവർ കുറ്റപ്പെടുത്തി.
‘‘വൃത്തികേടുതന്നെയായിരുന്നു അവയെല്ലാം. ഇതെല്ലാം കേട്ടപ്പോൾ ദേഷ്യത്തേക്കാളുപരി മറ്റൊരു വികാരമായിരുന്നു എന്നിലുണ്ടായത്. മനുഷ്യത്വമെന്നത് ഇതാണോ എന്നെനിക്ക് തോന്നി. ഇത്തരം ഉള്ളടക്കങ്ങളാണോ യഥാർഥത്തിൽ ആളുകൾ ആവശ്യപ്പെടുന്നത് ? മറ്റുള്ളവരുടെ സങ്കടങ്ങൾ ആഘോഷിക്കുകയാണോ നിങ്ങൾ’’-കരീന പൊട്ടിത്തെറിക്കുന്നു.
എന്തുതരം ഡിജിറ്റൽ യുഗത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നതെന്ന് ചോദിച്ച അവർ, വാർത്താ ഉപഭോഗത്തിനപ്പുറം മനുഷ്യത്വമെന്ന ഒന്നുണ്ടെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. ആ സംഭവം നാളുകളോളം തന്നെ വേട്ടയാടിയെന്നും വീടിനകത്ത് അപരിചിതർ ആരോ ഉള്ളപോലെ തോന്നിയിരുന്നുവെന്നും കരീന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.