'അനിമലിനേക്കാൾ' പ്രിയം 'ധുരന്ധർ'; പണ്ടത്തെ 'എട്ട് ഹിറ്റ്' ഡയലോഗ് പണിയായെന്ന് തുറന്നുപറഞ്ഞ് വരുൺ ധവാൻ

രൺബീർ കപൂറിന്റെ ‘അനിമലി’നേക്കാൾ രൺവീർ സിങ്ങിന്റെ ‘ധുരന്ധറി’ലെ പ്രകടനമാണ് ഇഷ്ടമെന്ന് ബോളിവുഡ് താരം വരുൺ ധവാൻ. കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ 9’ന്റെ പുതിയ എപ്പിസോഡിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കരിയറിന്റെ തുടക്കത്തിൽ തുടർച്ചയായി എട്ട് ഹിറ്റുകൾ നേടിയെന്ന തന്റെ അവകാശവാദം പിന്നീട് തിരിച്ചടിയായെന്നും വരുൺ സമ്മതിച്ചു.

പരിപാടിയിൽ നടി ജാൻവി കപൂറിനൊപ്പമെത്തിയപ്പോഴാണ് കരൺ ജോഹർ താരത്തോട് രൺവീർ സിങ്ങിന്റെ ‘ധുരന്ധറി’ലെയും രൺബീർ കപൂറിന്റെ ‘അനിമലി’ലെയും പ്രകടനങ്ങളിൽ ഏതാണ് ഇഷ്ടമെന്ന് ചോദിച്ചത്. “തീർച്ചയായും ധുരന്ധറിലെ രൺവീറിനെയാണ് തെരഞ്ഞെടുക്കുക,” എന്നായിരുന്നു വരുണിന്റെ മറുപടി.

ബോക്‌സ് ഓഫീസ് വിജയങ്ങളുടെ പേരിൽ വീമ്പുപറയുന്നതിനു പകരം സ്വന്തം ജോലിയിലൂടെ കഴിവ് തെളിയിക്കുകയാണ് വേണ്ടതെന്ന് വരുൺ പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് ഇതേ പരിപാടിയിൽ തുടർച്ചയായി എട്ട് ഹിറ്റുകൾ നേടിയെന്ന കാര്യം എടുത്തുപറഞ്ഞത് തന്റെ വിജയത്തിന് തിരിച്ചടിയായെന്ന് തോന്നുന്നുവെന്നും താരം വെളിപ്പെടുത്തി.

“ഒരാൾ അഭിമാനിക്കേണ്ടത് സ്വന്തം ജോലിയെക്കുറിച്ചായിരിക്കണം. വർഷങ്ങൾക്കുമുമ്പ് ഇവിടെ വന്നപ്പോൾ എനിക്ക് എത്ര ഹിറ്റുകളുണ്ടെന്ന് വീമ്പുപറഞ്ഞു. എവിടെയോ അത് എന്റെ വിജയത്തിന് തിരിച്ചടിയായി,” വരുൺ പറഞ്ഞു.

2018 നവംബറിൽ സംപ്രേഷണം ചെയ്ത ‘കോഫി വിത്ത് കരൺ 6’ന്റെ എപ്പിസോഡിലായിരുന്നു വരുണിന്റെ പഴയ പരാമർശം. കരിയർ രൺബീർ കപൂറിന്റേതുമായോ രൺവീർ സിങ്ങിന്റേതുമായോ കൈമാറാൻ താൽപര്യമുണ്ടോയെന്ന് കരൺ ചോദിച്ചപ്പോൾ, “അവർക്ക് എനിക്കുണ്ടായിരുന്നതുപോലെയുള്ള നേട്ടങ്ങളില്ല. എനിക്ക് തുടർച്ചയായി എട്ട് ഹിറ്റുകളുണ്ടായിരുന്നു,” എന്നായിരുന്നു വരുണിന്റെ മറുപടി.

കരൺ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ എന്ന ചിത്രത്തിലൂടെ സിദ്ധാർഥ് മൽഹോത്രക്കും ആലിയ ഭട്ടിനുമൊപ്പം സിനിമയിലെത്തിയ വരുണിന് ‘മൈൻ തേരാ ഹീറോ’, ‘ഹംപ്റ്റി ശർമാ കി ദുൽഹനിയ’, ‘ജുഡ്വാ 2’ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടക്കത്തിൽ മികച്ച വിജയങ്ങൾ നേടാനായിരുന്നു. എന്നാൽ പിന്നീട് ‘കലങ്ക്’, ‘സ്ട്രീറ്റ് ഡാൻസർ 3ഡി’, ‘കൂലി നമ്പർ 1’, ‘ജുഗ്‌ജുഗ് ജിയോ’ തുടങ്ങിയ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് പ്രകടനം സമ്മിശ്രമായിരുന്നു.

അതേസമയം, ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ ഫ്രാഞ്ചൈസി ആഗോള ബോക്‌സ് ഓഫീസിൽ വലിയ നേട്ടം കൈവരിച്ചതായാണ് റിപ്പോർട്ട്. ആദ്യ ചിത്രവും തുടർഭാഗമായ ‘ധുരന്ധർ 2: ദ റിവഞ്ചും’ ചേർന്ന് 3,000 കോടി രൂപയിലധികം ആഗോള കലക്ഷൻ നേടിയെന്നാണ് കണക്ക്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമലി’നും വാണിജ്യവിജയം നേടാനായിരുന്നെങ്കിലും ചിത്രത്തിന്റെ ഉള്ളടക്കം വലിയ തോതിൽ ഓൺലൈൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Tags:    
News Summary - Ranveer Singh more impactful in Dhurandhar than Ranbir Kapoor in Animal: Varun Dhawan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.