മുൻ ഭാര്യ ആർതി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് നടൻ രവി മോഹൻ. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നാല് പേജുള്ള ഒരു നീണ്ട പ്രസ്താവന പോസ്റ്റ് ചെയ്തുകൊണ്ടാണ് രവി മോഹൻ മറുപടി നൽകിയത്. ആദ്യമായും അവസാനമായും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രസ്താവന പങ്കുവെച്ചത്. നടന്‍റെ പേരുമായി ചേർത്ത് ആരോപണങ്ങൾ ഉയർന്ന ഗായികയും തെറാപ്പിസ്റ്റുമായ കെനിഷ സഹയാത്രികയാണെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
ഭാര്യയുമായുള്ള മുൻകാല ജീവിതം, വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങൾ, മക്കളെ കാണാൻ തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നത് എന്നിവയെക്കുറിച്ച് നടൻ കുറിപ്പിൽ വ്യക്തമാക്കി. സ്വന്തം മാതാപിതാക്കളെ പോലും കാണാൻ കഴിയാതെ, വർഷങ്ങളോളം ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങൾ അതിജീവിച്ച വ്യക്തി എന്ന നിലയിൽ ഭാരിച്ച ഹൃദയത്തോടെയാണ് ഇതെഴുതുന്നതെന്ന് നടൻ വ്യക്തമാക്കി. വിവാഹമോചനം പ്രഖ്യാപിച്ചപ്പോഴും പങ്കാളിയുടെ സ്വകാര്യതയെ താൻ മാനിച്ചിരുന്നെന്നും തന്നിലെ അച്ഛനെപ്പോലും ആർതി ചോദ്യം ചെയ്യുകയാണെന്നും രവി എഴുതി.
'നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുമ്പോൾ, വ്യക്തിപരമായ കാര്യങ്ങൾ പൊതുജനാഭിപ്രായത്തിന്റെ കോടതിയിൽ പരിഗണിക്കപ്പെടുന്നത് കാണുന്നത് വേദനിപ്പിക്കുന്നു. എന്റെ സ്വകാര്യ ജീവിതം സത്യമോ കരുണയോ ഇല്ലാതെ വളച്ചൊടിച്ച ഗോസിപ്പുകളായി മാറുന്നത് കാണുന്നത് ആഴത്തിലുള്ള ആഘാതമായിട്ടുണ്ട്. എന്റെ നിശബ്ദത ഒരു ബലഹീനതയായിരുന്നില്ല, അത് അതിജീവനമായിരുന്നു. എന്നാൽ എന്റെ യാത്രയെയോ എന്റെ മുറിവുകളെയോ അറിയാത്തവർ എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോൾ, ഞാൻ സംസാരിക്കും' -രവി മോഹൻ പറഞ്ഞു.
ആർതി തനിക്കെതിരെ തെറ്റായ കഥകൾ മെനയുകയാണെന്ന് രവി മോഹൻ പ്രസ്താവനയിൽ ആരോപിച്ചു. മാത്രമല്ല, ദുഷ്ടരായ ഉപദേഷ്ടാക്കൾ അവരെ സഹായിക്കുന്നുണ്ടെന്നും നടൻ പറഞ്ഞു. കെനിഷയുമായുള്ള ബന്ധത്തെക്കുറിച്ചും രവി മോഹൻ കൂടുതൽ വ്യക്തത നൽകി. കെനിഷ ആദ്യം തന്റെ സുഹൃത്തായിരുന്നു. രാത്രിയിൽ നഗ്നപാദനായി വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നപ്പോഴും കെനിഷ മാത്രമാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക നേട്ടവും സഹതാപം ലക്ഷ്യമിടാൻ തന്റെ കുട്ടികളെ ഉപകരണങ്ങളാക്കുന്നത് കാണുമ്പോഴാണ് കൂടുതൽ അസ്വസ്ഥനാകുന്നത്. എന്നാൽ കഴിഞ്ഞ ക്രിസ്മസിന് കോടതി നിർദ്ദേശിച്ച ഒരു മീറ്റിങ് ഒഴികെ മറ്റെല്ലാം തടയപ്പെട്ടു. വേർപിരിയലിനുശേഷം മനഃപൂർവ്വം തന്നെ അവരിൽ നിന്ന് അകറ്റി നിർത്തി എന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് രവി മോഹൻ ഉന്നയിക്കുന്നത്.
വരുമാനത്തിന്റെ ഒരു പൈസ പോലും അഞ്ച് വർഷത്തിലേറെയായി മാതാപിതാക്കൾക്ക് അയച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി. ഇത് തന്റെ അവസാന പ്രസ്താവനയാണെന്നും ഒരു പൗരനെന്ന നിലയിൽ നിലവിലുള്ള നീതിന്യായ വ്യവസ്ഥയെ പിന്തുടരുകയും അനുസരിക്കുകയും ചെയ്യുമെന്നും നടൻ വ്യക്തമാക്കി. തന്‍റെ തെരഞ്ഞെടുപ്പുകളിൽ സന്തുഷ്ടനാണെന്നും രവി മോഹൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.