‘കാന്താര’ അനുകരണ വിവാദം; മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ രഹസ്യ സന്ദർശനം നടത്തി രൺവീർ സിങ്

മൈസൂരു: സിനിമാ ലോകത്തെ വിവാദങ്ങൾക്കിടയിൽ ബോളിവുഡ് താരം രൺവീർ സിങ് കർണാടകയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ രഹസ്യ സന്ദർശനം നടത്തി. ‘കാന്താര’യിലെ കഥാപാത്രത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് കർശന നിർദേശം പാലിച്ച് താരം മൈസൂരുവിലെ ചരിത്രപ്രസിദ്ധമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ എത്തി ക്ഷമാപണം നടത്തിയത്.

ചൊവ്വാഴ്ച പുലർച്ചെ കനത്ത സുരക്ഷയോടെ മുംബൈ വിമാനത്താവളത്തിൽ എത്തിയ താരം അതീവ രഹസ്യമായാണ് മൈസൂരുവിലേക്ക് പറന്നത്. ലളിതമായ വസ്ത്രം ധരിച്ച്, ഒരു സാധാരണ ഭക്തനെപ്പോലെ ക്ഷേത്രത്തിലെത്തിയ താരം മുഖം മാസ്ക് ധരിച്ച് മറക്കുകയും ക്ഷേത്ര നിലത്തിരുന്ന് പൂർണ്ണ മൗനം പാലിച്ച് പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം അവസാനത്തിൽ നടന്ന ഒരു ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലാണ് വിവാദത്തിനടിസ്ഥാനമായ സംഭവം നടക്കുന്നത്. വേദിയിൽ വെച്ച് കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ മികച്ച പ്രകടനത്തെ പ്രശംസിക്കാൻ ശ്രമിക്കുന്നതിനിടയിൽ, രൺവീർ ചിത്രത്തിലെ കഥാപാത്രത്തെ അതിശയോക്തി കലർന്ന രീതിയിൽ അനുകരിക്കുകയായിരുന്നു. ഇതിന് പുറമെ ചിത്രത്തിലെ ദൈവ സങ്കൽപ്പത്തെ താരം തെറ്റായ രീതിയിൽ വിശേഷിപ്പിച്ചെന്ന് കാണിച്ച് കടുത്ത അമർഷം ഉയർന്നു.

ഋഷഭ് ഷെട്ടിയെ അഭിനന്ദിക്കാൻ ഉദ്ദേശിച്ചാണ് താരം ഇത് ചെയ്തതെങ്കിലും, ഒരു വിഭാഗം ജനങ്ങളുടെയും കമ്മ്യൂണിറ്റിയുടെയും വികാരങ്ങളെ ഇത് വ്രണപ്പെടുത്തി. ഇതേതുടർന്ന് വലിയ നിയമനടപടികളാണ് താരത്തിന് നേരിടേണ്ടി വന്നത്. ഒടുവിൽ തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ച് രൺവീർ സിങ് കോടതിയിൽ നിബന്ധനകളില്ലാത്ത ക്ഷമാപണ സത്യവാങ്മൂലം സമർപ്പിച്ചു. താരത്തിന്റെ അപേക്ഷ സ്വീകരിച്ച അധികാരികൾ, ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശിച്ച് പ്രായശ്ചിത്തം ചെയ്യുന്നതിനായി നാല് ആഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു.

രൺവീർ സിങ്ങിന്റെ കരിയറിലെ ഏറ്റവും സങ്കീർണ്ണമായ ഒരു ഘട്ടത്തിലാണ് ഈ ക്ഷേത്ര സന്ദർശനം നടക്കുന്നത്. 'ഡോൺ 3' എന്ന ചിത്രത്തിൽ നിന്ന് താരം പിന്മാറിയതുമായി ബന്ധപ്പെട്ട് സംവിധായകൻ ഫർഹാൻ അക്തറുമായുണ്ടായ തർക്കത്തിന് പിന്നാലെ, ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) താരത്തിനെതിരെ വിലക്ക് പുറപ്പെടുവിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് രൺവീറിന്റെ സന്ദർശനം.

Tags:    
News Summary - Ranveer Singh visits Mysuru’s Chamundeshwari temple to offer apology over Kantara row amid Don 3 controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.