അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു; സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യൻ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനും വിവാഹിതരാകുന്നു. ഈ വർഷം നവംബറിലാണ് വിവാഹം. വിവാഹ റിസപ്ഷൻ നവംബർ 21ന് ചെന്നൈയിൽ വെച്ച് നടക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും ഹൈദരാബാദ് ജുബിലി ഹിൽസിലെ വസതിയിലെത്തി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിട്ട് കണ്ട് മകളുടെ വിവാഹ റിസപ്ഷനിലേക്ക് ക്ഷണിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് ചിത്രങ്ങളും വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടത്.
നവംബർ 21ന് ചെന്നൈയിലാണ് കാവ്യ മാരൻ-അനിരുദ്ധ് രവിചന്ദർ ദമ്പതികളുടെ വിവാഹ റിസപ്ഷൻ നിശ്ചയിച്ചിരിക്കുന്നത് എന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. നവംബർ 11ന് ഗ്രീസിൽ വെച്ചായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുകയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും ഇരു കുടുംബങ്ങളും ഇതുവരെ വിവാഹ തീയതി സംബന്ധിച്ച് ഔദ്യോഗികമായി മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
2025ലാണ് അനിരുദ്ധും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമുള്ള തരത്തിലുള്ള റെഡ്ഡിറ്റ് പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചത്. എന്നാൽ, അന്ന് അനിരുദ്ധ് ഈ വാർത്തകൾ തള്ളിക്കളയുകയാണ് ചെയ്തത്. 'കല്യാണമാണോ? ലോൾ... ചിൽ ചെയ്യൂ സുഹൃത്തുക്കളേ, ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തൂ' എന്നായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ, 2026 ജൂണിൽ അനിരുദ്ധ് രവിചന്ദറിന്റെ ബന്ധുവും നടനുമായ വൈ.ജി. മഹേന്ദ്ര ഒരു അഭിമുഖത്തിൽ ഈ വിവാഹ അഭ്യൂഹങ്ങൾക്ക് കരുത്ത് പകരുന്ന തരത്തിൽ സംസാരിച്ചിരുന്നു. ഇതൊരു വലിയ വിവാഹമായിരിക്കുമെന്നും ഉറപ്പായും നടക്കാൻ പോകുന്ന കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
'3' എന്ന ചിത്രത്തിലെ 'വൈ ദിസ് കൊലവരി' എന്ന ഗാനത്തിലൂടെ ലോകമെമ്പാടും തരംഗം സൃഷ്ടിച്ച അനിരുദ്ധ്, തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകരിൽ ഒരാളാണ്. ലിയോ, ഇന്ത്യൻ 2, ജയിലർ, കൂലി തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചത് അനിരുദ്ധാണ്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളായ കാവ്യ മാരൻ, സൺ ടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒയുമാണ്. ഐപിഎൽ മത്സര വേളകളിലെ സജീവ സാന്നിധ്യം വഴി ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് കാവ്യ മാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.