'പൽവാർ ദേവൻ' റാണ ദഗുബട്ടിക്ക്​ ഇന്ന്​ മാംഗല്യം

ഹൈദരാബാദ്​: എസ്​.എസ്​. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ പൽവാർ ദേവനായി ആരാധകരുടെ മനം കവർന്ന റാണ ദഗുബട്ടിക്ക്​ ഇന്ന്​ മാംഗല്യം. ഹൈദരാബാദിലെ റാമനായിഡു സ്​റ്റുഡിയോയിൽ 30ൽ താഴെ അതിഥികളുടെ സാന്നിധ്യത്തിലാണ്​ മിഹീക ബജാജിൻെറ കഴുത്തിൽ റാണ വരണമാല്യം ചാർത്തുന്നത്​. തെലുഗു മാർവാഡി ആചാരപ്രകാരമാണ്​ വിവാഹം. ഹൈദരാബാദ്​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഇൻറീരിയർ ഡിസൈനറാണ്​ മിഹീക.

മുൻകരുതലുകളുടെ ഭാഗമായി വിവാഹത്തിനെത്തുന്ന എല്ലാവരെയും കോവിഡ്​ ​​പരിശോധനക്ക്​ വിധേയമാക്കും. സാമൂഹിക അകലം പാലിച്ചും കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ അവലംബിച്ചുമാണ്​ വിവാഹം ഒരുക്കിയിരിക്കുന്നതെന്ന്​ റാണയുടെ പിതാവ്​ ദഗുബട്ടി സുരേഷ്​ ബാബു പറഞ്ഞു​.

വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ഇരുവർക്കും ആശംസകളുമായി സെലിബ്രിറ്റികളടക്കം നിരവധി പേർ രംഗത്തെത്തി​. ബോളിവുഡ്​ സൂപ്പർ താരം അക്ഷയ്​ കുമാർ, ബിപാഷ ബസു, തെന്നിന്ത്യൻ താരങ്ങളായ കാജൽ അഗർവാൾ, ശ്രുതി ഹാസൻ, അമല പോൾ, ശ്രിയ ശരൺ, ലക്ഷ്​മി മഞ്​ജു എന്നിവരും ആശംസിച്ചു.

'ആജീവനാന്തം ലോക്​ഡൗണാനാകാനുള്ള മികച്ച രീതി. അഭിനന്ദനങ്ങൾ റാണ, നിങ്ങൾ ഇരുവർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു'- വിവാഹ ചടങ്ങിനോട്​ അനുബന്ധിച്ച്​ റാണ പങ്കുവെച്ച ചിത്രം റീട്വീറ്റ്​ ചെയ്​ത്​ അക്ഷയ്​ കുമാർ വധൂവരൻമാർക്ക്​ ആശംസ കൈമാറി. 2015ൽ 'ബേബി' 2019ൽ ഹൗസ്​ഫുൾ 4 എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച്​ അഭിനയിച്ചിരുന്നു.

ശനിയാഴ്​ച രാവിലെ പിതാവിനും തെലുഗു സൂപ്പർ താരവും അമ്മാവനുമായ വെങ്കിടേഷിനുമൊപ്പം റാണ സമൂഹമാധ്യമങ്ങളിൽ ​പങ്കുവെച്ച ചിത്രം ശ്രദ്ധയാകർഷിച്ചിരുന്നു.

മെയ്​ 12നാണ്​ താൻ വിവാഹിതനാകാൻ പോകുന്ന വിവരം റാണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്​. 'അതെ അവൾ 'യെസ്​' പറഞ്ഞു'- എന്നായിരുന്നു പ്രതിശ്രുത വധുവിൻെറ ചിത്രത്തോടൊപ്പം വിവാഹിതനാകാൻ പോകു​ന്ന വിവരം റാണ പങ്കുവെച്ചു​.തെലുഗു ആചാരപ്രകാരം ജൂണിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം.

റാണയുടെ ബന്ധുവും തെലുഗു നടനുമായ അക്കിനേനി നാഗചൈതന്യയും ഭാര്യയും നടിയുമായ സാമന്ത അക്കിനേനിയും ചടങ്ങിനെത്തിയിരുന്നു. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.