സംവിധായകൻ എസ്.എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമാണ് വാരണാസി. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ വിശ്വാസത്തെ സംബന്ധിച്ച് രാജമൗലി നടത്തിയ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് രാജമൗലി പറഞ്ഞത് വ്യാപകമായ ചർച്ചക്കും വിമർശനത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.
'ഇത് എനിക്ക് ഒരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്റെ അച്ഛൻ വന്ന് പറഞ്ഞു, ഭഗവാൻ ഹനുമാൻ പിന്നിൽ നിന്ന് കാര്യങ്ങൾ നോക്കുമെന്ന്. ഇങ്ങനെയാണോ അദ്ദേഹം ശ്രദ്ധിക്കുന്നത്. ഇതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു' -ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത് രാജമൗലി പറഞ്ഞു. പരിപാടിയിൽ നേരിട്ട സാങ്കേതിക തകരാറുകളെ പരാമർശിച്ചാണ് രാജമൗലി ഇങ്ങനെ പറഞ്ഞത്.
'എന്റെ ഭാര്യക്കും ഹനുമാനെ വളരെ ഇഷ്ടമാണ്. ഹനുമാൻ തന്റെ സുഹൃത്തിനെപ്പോലെയാണ് പെരുമാറുന്നത്. അദ്ദേഹവുമായി സംസാരിക്കുന്നു. എനിക്ക് അവളോടും ദേഷ്യം വന്നു. എന്റെ അച്ഛൻ ഹനുമാനെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി ഹനുമാന്റെ അനുഗ്രഹങ്ങളെ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ, എനിക്ക് വളരെ ദേഷ്യം വന്നു' -എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധിപ്പേരാണ് സംവിധായകനെ വിമർശിച്ച് എത്തിയത്. ആർ.ആർ.ആർ, ബാഹുബലി തുടങ്ങിയ രാജമൗലിയുടെ സിനിമകൾ ഹിന്ദു പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അവരിൽ പലരും അഭിപ്രായപ്പെട്ടു. 'ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ എങ്ങനെയാണ് ചിത്രത്തിന് 'വാരണാസി' എന്ന് പേരിട്ട് പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ചത്? ആളുകൾക്ക് വേദനയുണ്ടാകുമെന്ന് അറിയില്ലേ? അദ്ദേഹത്തിന്റെ പദവിയുള്ള ഒരു മനുഷ്യനിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല' -എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് എഴുതിയത്. രാജമൗലി നിരീശ്വരവാദിയാണെന്ന് കള്ളം പറയുകയാമെന്നും പലരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.