ചിരഞ്ജീവി ചിത്രങ്ങൾ താൽപര്യമില്ല; നടനെ കൈയൊഴിഞ്ഞ് നിർമാതാക്കൾ, കാരണം...

 കോവിഡിന് ശേഷം തെലുങ്ക് സിനിമാ ലോകത്തിന് അത്രനല്ല സമയമല്ല. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ പല ചിത്രങ്ങളും ബോക്സോഫീസിൽ തകർന്നു വീണു. ഈ വർഷം പുറത്തിറങ്ങിയ തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ സിനിമകളൊന്നു  വിജയം നേടിയില്ല . വൻ ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ കൂപ്പുകുത്തി.

സൂപ്പർ താരപദവി നഷ്ടപ്പെടുന്ന വക്കിലാണിപ്പോൾ ചിരഞ്ജീവി. ആചാര്യ, ഗോഡ്ഫാദര്‍, ഭോലാ ശങ്കര്‍ എന്നിങ്ങനെ പുറത്തിറങ്ങിയ ചിരഞ്ജീവിയുടെ മൂന്ന് ചിത്രങ്ങളും വൻ പരാജയമായിരുന്നു. വാള്‍ട്ടയ്യര്‍ വീരയ്യ മാത്രമാണ് അടുത്തിടെ നടന്റേതായി വിജയിച്ചത്. അത് മൾട്ടിസ്റ്റാർ ചിത്രമായിരുന്നു.

സിനിമകൾ തിയറ്ററുകളിൽ വിജയിക്കുന്നില്ലെങ്കിലും പ്രതിഫലം കുറക്കാൻ ചിരഞ്ജീവി തയാറായിട്ടില്ല. ഇതോടെ നടനെ വെച്ച് സിനിമ ചെയ്യാൻ നിർമാതാക്കൾക്ക് താൽപര്യമില്ലത്ര.  തെലുങ്ക്  മാധ്യമങ്ങളാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരു ചിത്രത്തിന് 70 കോടി രൂപയാണ് പ്രതിഫലമായി നടൻ ആവശ്യപ്പെടുന്നത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഭോലാ ശങ്കര്‍ പരാജയമായിട്ടും ചിരഞ്ജീവി വൻ തുക പ്രതിഫലം വാങ്ങുന്നത് നിര്‍മാതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ നിരവധി നിര്‍മാതാക്കള്‍ നടന്റെ പ്രൊജക്ടുകള്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ പ്രതിഫലം കാരണം ചിത്രങ്ങളുടെ ബജറ്റ് ഉയരുന്നുവെന്നും, അത് തിയറ്ററിലൂടെ തിരിച്ചുപിടിക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് നിര്‍മാതാക്കൾ പറയുന്നത്.

മല്ലിഡി വസിഷ്ഠ സംവിധാനം ചെയ്യുന്ന മെഗാ156 എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.  സംവിധായകൻ വസിഷ്‌ഠ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫാന്‍റസി അഡ്വഞ്ചർ ജോണറിലാണ് 'മെഗാ156'ന്‍റെ നിർമാണം. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത്. യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ഛോട്ടാ കെ നായിഡു ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവുവും സന്തോഷ് കാമി റെഡിയുമാണ് കൈകാര്യം ചെയ്യുന്നത്. ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് എം എം കീരവാണിയാണ്.

Tags:    
News Summary - Producers in Hyderabad refuse to work with Chiranjeevi? Know why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.