പ്രിയങ്ക ചോപ്ര
വിവിധ തരം തൊഴിലന്തരീക്ഷങ്ങളുമായി ഇണങ്ങാൻ വ്യത്യസ്ത തരം മാനസിക തയാറെടുപ്പുകൾ ആവശ്യമാണെന്ന മാനസികാരോഗ്യ വിദഗ്ധരുടെ വിലയിരുത്തലുകളും ഒപ്പം
ബോളിവുഡിൽനിന്ന് ഹോളിവുഡിലേക്ക് പറന്നുയർന്ന നടി പ്രിയങ്ക ചോപ്ര, രണ്ടു ഇൻഡസ്ട്രികളെയും തമ്മിൽ താരതമ്യം ചെയ്യുന്നത് കൗതുകകരമാണ്. അതികൃത്യതയോടെ പ്രവർത്തിക്കുന്ന ഹോളിവുഡിൽ ബൃഹത്തായ ഷെഡ്യൂളുകളും അനന്തമായ ഇ-മെയിലുകളും എന്നു തുടങ്ങി, രാവിലെ 7.32 ആണ് കാൾ ടൈം എന്നുവരെ വിശദമാക്കിയിരിക്കുമെന്ന് പ്രിയങ്ക പറയുന്നു.
‘‘ ഹോളിവുഡിൽ പേപ്പർ വർക്കുകൾ അത്രമേലാണ്. അടുത്ത ദിവസത്തിനു മുമ്പ് നൂറു കണക്കിന് ഇ-മെയിലുകൾ നിങ്ങൾക്ക് വന്നിരിക്കും. സമയക്രമങ്ങൾ അതിസൂക്ഷ്മമായിരിക്കും. ഷെഡ്യൂളുകൾ അത്രയും കടുപ്പമായിരിക്കും. അതോടൊപ്പം സംഘാടനം കൃത്യവുമായിരിക്കും.’’ -അവർ പറയുന്നു.
‘‘ഹോളിവുഡിനെ അപേക്ഷിച്ച് ബോളിവുഡിൽ കാര്യങ്ങൾ മറ്റൊരു രീതിയാണ്. സംഘാടനവും സമയക്രമവും ഇ-മെയിലുകളുമൊന്നുമില്ലെങ്കിലും കാര്യങ്ങൾ എങ്ങനെയെങ്കിലും നടത്തിയെടുക്കും.’’ ഈ വർക്ക് കൾച്ചർ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘സ്ലോ മോഷൻ ഡാൻസും പാട്ടും ഹിന്ദിയിലുള്ള സംസാരവും മാത്രമേ മിസ് ചെയ്യുന്നുള്ളൂ’ എന്നായിരുന്നു മറുപടി.
വിവിധ തരം തൊഴിലന്തരീക്ഷങ്ങളുമായി ഇണങ്ങാൻ വ്യത്യസ്ത തരം മനഃശക്തി ആവശ്യമാണെന്ന് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിലിട സാഹചര്യം ഒരാളുടെ സർഗശേഷിയെ സ്വധീനിക്കാറുണ്ടെന്ന്, ആദിത്യ ബിർള എജുക്കേഷൻ ട്രസ്റ്റ് സൈക്കോളജിസ്റ്റ് റിമ ഭണ്ഡേക്കർ അഭിപ്രായപ്പെടുന്നു.
‘‘വളരെ സ്വതന്ത്രമായ അന്തരീക്ഷമാണെങ്കിൽ, ചിന്തകൾക്ക് കൂടുതൽ അയവുണ്ടാകും. വ്യത്യസ്ത ഓപ്ഷനുകൾക്കും പരീക്ഷണങ്ങൾക്കും സ്വാതന്ത്ര്യമുണ്ടാകും. ഈ അയഞ്ഞ പ്രകൃതി മഹാ ആശയങ്ങൾക്ക് വഴിവെച്ചേക്കാമെങ്കിലും ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥ കാരണം അവസാനം അരാജകത്വത്തിലേക്ക് വീഴാൻ സാധ്യതയേറെയാണ്.’’ -അവർ പറയുന്നു.
അതേസമയം, കൃത്യമായ ഘടനയുള്ള സംവിധാനമാണെങ്കിൽ അവിടെ സുതാര്യതയും വസ്തുനിഷ്ഠതയുമുണ്ടാകുമെന്നും റിമ പറയുന്നു. ആശയങ്ങൾ യാഥാർഥ്യമാക്കാൻ ഇവിടെ സാധ്യത കൂടുതലാണ്. അതേസമയം, ജോലി ഘടനയിലുള്ള ഇടുക്കം ജീവനക്കാരുടെ ആശയങ്ങളെ കള്ളികളിലായി ഒതുക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.