നിർമാതാവ് ജി. സുരേഷ് കുമാറിനെ വിമർശിച്ച ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടൻ പൃഥ്വിരാജ്. ഫേസ്ബുക്കിൽ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു നടൻ പിന്തുണ അറിയിച്ചത്. എല്ലാം ഓകെ അല്ലേ അണ്ണാ എന്ന് പോസ്റ്റിനൊപ്പം കുറിക്കുകയും ചെയ്തു.
എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാർ പറഞ്ഞതിനെയും ആന്റണി പെരുമ്പാവൂർ വിമർശിച്ചിരുന്നു.
ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി സംവിധായകൻ വിനയനും രംഗത്തെത്തിയിരുന്നു. ആന്റണി സമൂഹ മാധ്യമത്തിൽ ഉന്നയിച്ച പല വിഷയങ്ങളോടും യോജിക്കുന്നുവെന്നായിരുന്നു വിനയന്റെ പ്രതികരണം.
ഞാനും ചിലത് തുറന്നുപറയുകയാണ്' എന്ന മുഖവുരയോടെ പങ്കുവെച്ച സമൂഹമാധ്യമ കുറിപ്പിലാണ് ആന്‍റണി പെരുമ്പാവൂർ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്ന് അവകാശപ്പെട്ട് ജി. സുരേഷ് കുമാർ കഴിഞ്ഞയാഴ്ച വാർത്താസമ്മേളനം വിളിച്ചിരുന്നു. സിനിമകളുടെ കലക്ഷൻ പെരുപ്പിച്ച് കാട്ടുകയാണെന്നും യഥാർഥത്തിൽ നിർമാതാക്കൾക്ക് നഷ്ടമാണെന്നും മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും സുരേഷ് കുമാർ ആരോപിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ആന്‍റണി പെരുമ്പാവൂർ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
നിർമാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്ന് ആന്‍റണി പെരുമ്പാവൂർ ചോദിക്കുന്നു. എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട്. എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണെന്നും ആന്‍റണി പെരുമ്പാവൂർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.