നടൻ രജനികാന്തിനെ വെച്ച് മാത്രമല്ല ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനെ നായകനാക്കി ഒരു ഹിന്ദി ചിത്രം ചെയ്യാൻ തന്നെ സമീപിച്ചിരുന്നുവെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സമയക്കുറവ് കാരണമാണ് രജനി ചിത്രം നടക്കാതെ പോയതെന്നും പൃഥ്വിരാജ് പറഞ്ഞു.
'രജനി സാറിന് വേണ്ടി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ലൈക്ക പ്രൊഡക്ഷന്‍സ് എന്നെ സമീപിച്ചത്. എനിക്ക് അങ്ങനെയൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിശ്ചിതസമയത്തിനുള്ളില്‍ ചെയ്യണമായിരുന്നു, മാത്രമല്ല ഞാനൊരു മുഴുവന്‍ സമയ സംവിധായകനുമല്ല. അതുകൊണ്ട് സംഭവിച്ചില്ല. പിന്നീട് ലണ്ടനില്‍ വച്ച് സുഭാസ്കരന്‍ സാറിനെ കണ്ടു. ആ സമയത്ത് രജിനി സാറിനെ വച്ച് ചെയ്യാന്‍ ആഗ്രഹമുള്ള സിനിമയുടെ ഒരു ഐഡിയ പറഞ്ഞു. മുമ്പ് ഹിന്ദി സിനിമ ചെയ്യാനായി മറ്റൊരാള്‍ എന്നെ സമീപിച്ചപ്പോള്‍ ഷാറൂഖ് ഖാനെ നായകനാക്കി ചെയ്യാമെന്ന് വിചാരിച്ച ഐഡിയയുടെ ഒരു അഡാപ്റ്റേഷനായിരുന്നു അത്. ചിലപ്പോള്‍ നടക്കുമായിരിക്കും'.
രാജമൗലിക്കൊപ്പം മഹേഷ് ബാബു ഒന്നിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തിയേക്കുമെന്ന വാര്‍ത്തകളെക്കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചു. 'ഞാൻ രാജമൗലി സാറിന്‍റെ വലിയ ആരാധകനാണ്. ഒരു സംവിധായകനെന്ന നിലയില്‍ എപ്പോഴും അദ്ദേഹത്തെ നോക്കി കാണാറുണ്ട്. എല്ലാ ശരിയായി വന്നാല്‍ അത് നടക്കട്ടെ' പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം എമ്പുരാൻ മാർച്ച് 27 ന് തിയറ്ററുകളിലെത്തും. 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാഭാഗമാണ് ചിത്രം. മോഹൻലാലിനൊപ്പം ലൂസിഫറിലെ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജുവും രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.