പ്രദീപ് രംഗനാഥൻ
വളരെ പെട്ടെന്ന് തെന്നിന്ത്യയിൽ പേരെടുത്ത താരമാണ് പ്രദീപ് രംഗനാഥൻ. നടനും, സംവിധായകനും, എഴുത്തുകാരനുമായ പ്രദീപ് യുവതലമുറയുടെ താൽപ്പര്യങ്ങൾ അവതരിപ്പിക്കുന്ന ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 2019ൽ ജയം രവി നായകനായ 'കോമാളി' എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് രംഗനാഥൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ലവ് ടുഡേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനും തിരക്കഥാകൃത്തും എന്നതിലുപരി നായകനായും അരങ്ങേറ്റം കുറിച്ചു. ഒരു ചെറിയ ബഡ്ജറ്റിൽ നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ 100 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായി മാറി. ഇപ്പോഴിതാ അനുപമ ചോപ്രക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകനും സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
‘ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ എന്‍റെ മാതാപിതാക്കൾ അത് വിശ്വസിച്ചിരുന്നില്ല. അന്ന് ഞാൻ എന്‍റെ ഐ.ടി ജോലി രാജിവെച്ചു. ഒന്നര വർഷം ഞാൻ ഐ.ടിയിൽ ജോലി ചെയ്തു. പിന്നീട് ചെറിയ പരസ്യങ്ങളിൽ ജോലി ലഭിച്ചു. അങ്ങനെ ഞാൻ അമ്മയോട് പറഞ്ഞ് ജോലി ഉപേക്ഷിച്ചു. അച്ഛനോട് ഇക്കാര്യം പറയരുതെന്ന് ഞാൻ ആവശ്യപ്പെട്ടു. കാരണം ഞാൻ വീട്ടിൽ നിന്ന് അച്ഛന് വേണ്ടി ജോലി ചെയ്യുന്നതായി നടിക്കും. അങ്ങനെ ഒന്നര വർഷം അത് തുടർന്നു. ഒന്നര വർഷമായി ഞാൻ രാത്രി ഷിഫ്റ്റിന് പോകുകയാണെന്ന് അച്ഛൻ കരുതി. അദ്ദേഹം ഉണരുമ്പോൾ ഞാൻ ഉറങ്ങും. അമ്മ പറയും, പാവം മകൻ രാത്രി മുഴുവൻ കഠിനാധ്വാനം ചെയ്ത് ഇപ്പോൾ ക്ഷീണിതനായി ഉറങ്ങുകയാണെന്ന്. അതുവരെ ഞാൻ ലാഭിച്ചിരുന്ന പണം കൊണ്ടാണ് ഞാൻ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
ആ സമയത്താണ് ഞാൻ എന്‍റെ ആദ്യ ചിത്രമായ കോമാളി നിർമിച്ചത്. അത് റിലീസ് ചെയ്യാൻ ഒരു മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ പത്രങ്ങളിൽ പരസ്യങ്ങൾ വന്നപ്പോൾ ഞാൻ ഒരു സിനിമ നിർമിച്ചിട്ടുണ്ടെന്ന് എന്‍റെ അച്ഛന് മനസിലായി. അതുവരെ ഞാൻ അവരോട് പറഞ്ഞിരുന്നത് ഞാൻ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നുണ്ടെന്നും അതോടൊപ്പം എന്‍റെ ആദ്യ സിനിമയും ചെയ്യുന്നുണ്ടെന്നും ആയിരുന്നു. അത് അവർക്ക് വളരെ വിശ്വസനീയമായിരുന്നു. ആഴ്ച മുഴുവൻ ഐ.ടി ജോലി ചെയ്ത് വാരാന്ത്യങ്ങളിലാണ് ഞാൻ സിനിമ നിർമിക്കുന്നതെന്ന് അവർ കരുതി.
സിനിമ നിർമിക്കുന്നത് ഹോബിയായാണ് വീട്ടുകാർ കണ്ടിരുന്നത്. ഞാൻ അടുത്തതായി എന്താണ് ചെയ്യാൻ പോകുന്നതെന്ന് അച്ഛൻ എന്നോട് ചോദിച്ചു. അടുത്ത സിനിമയുടെ പണിപ്പുരയിലാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എത്ര സമയമെടുക്കുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. രണ്ട് വർഷമെടുക്കുമെന്ന് ഞാൻ പറഞ്ഞു. അതുവരെ ജോലിക്ക് പോകില്ലേ എന്ന് അച്ഛൻ ചോദിച്ചു. ഇപ്പോൾ ഇത് മാത്രമാണ് എന്‍റെ ജോലി എന്ന് പറഞ്ഞത് അച്ഛന് ഉൾക്കൊള്ളാനായില്ല. മണിരത്നം, നീ ആരാണെന്ന് നീ കരുതുന്നു? ഒരു ലക്ഷം ആളുകളിൽ ഒരു മണിരത്നം മാത്രമേ ഉണ്ടാകൂ, നിനക്ക് അങ്ങനെയാകാൻ കഴിയില്ലെന്നാണ് അച്ഛൻ പറഞ്ഞത്.
അദ്ദേഹം ഇപ്പോൾ പൂർണ്ണമായും മാറിയിരിക്കുന്നു. അദ്ദേഹം ഇപ്പോൾ എന്‍റെ ജോലി മനസിലാക്കുകയും എന്നെ പിന്തുണക്കുകയും ചെയ്യുന്നു. അപ്പോൾ എനിക്ക് മനസ്സിലായി ഇതെല്ലാം അദ്ദേഹത്തിന്റെ ഭയം മൂലമാണെന്ന്. ഇപ്പോൾ എന്‍റെ എല്ലാ ഫോട്ടോകളും അവാർഡുകളും അദ്ദേഹത്തിന്‍റെ പക്കലുണ്ട്. അദ്ദേഹം വളരെ സന്തോഷവാനാണ്. എന്‍റെ കുടുംബം ഇപ്പോൾ എന്നെയോർത്ത് അഭിമാനിക്കുന്നു’ പ്രദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.