സിങ്കപ്പൂരിൽ സമ്മർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ നിന്ന് എട്ട് വയസുള്ള മകൻ രക്ഷപ്പെട്ടതിനെ തുടർന്ന് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ ഭാര്യ അന്ന ലെഷ്‌നേവ തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു.
തീപിടുത്തമുണ്ടാകുന്ന സമയത്ത് ക്യാമ്പിൽ 30 കുട്ടികളാണുണ്ടായിരുന്നത്. അതിൽ ഒരു കുട്ടി മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്യാമ്പിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകട സ്ഥലത്ത് ആദ്യം എത്തി രക്ഷാ പ്രവർത്തനം നടത്തിയത്. പവൻ കല്യാണിന്റെ മകന് കൈക്കും ശ്വാസകോശത്തിനുമാണ് പരിക്കുണ്ടായിരുന്നത്. സിംഗപ്പൂരിൽ ചികിത്സക്ക് ശേഷം ശനിയാഴ്ച രാത്രി കല്യാണിനൊപ്പം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി.
മകൻ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയാൽ തല മൊട്ടയടിക്കുമെന്ന് അന്ന പ്രതിജ്ഞയെടുത്തിരുന്നു. തുടർന്നാണ് തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തത്. റഷ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനിയായതിനാൽ, ഗായത്രി സദനിൽ ക്ഷേത്ര അധികൃതരുടെ സാന്നിധ്യത്തിൽ പ്രഖ്യാപന ഫോമുകളിൽ ഒപ്പിട്ടാണ് അന്ന തല മുണ്ഡനം ചെയ്ത് ആചാരങ്ങൾ അനുഷ്ഠിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.