രാഘവ് ഛദ്ദയും പരിണീതി ചോപ്രയും
ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായത്. ലണ്ടനിലെ പഠനകാലമാണ് ഇവരെ അടുപ്പിച്ചത്. ഇപ്പോഴിതാ ആദ്യ കുഞ്ഞിനെ വരവേറ്റിരിക്കുകയാണ് ദമ്പതികൾ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച മനോഹരമായ കുറിപ്പിലൂടെയാണ് ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ കാര്യം അവർ അറിയിച്ചത്.
ഒടുവിൽ അവൻ ഞങ്ങളുടെ മകനായി ഇവിടെ എത്തിയിരിക്കുന്നു. അക്ഷരാർഥത്തിൽ ഞങ്ങൾക്കിപ്പോൾ മുമ്പത്തെ ജീവിതം ഓർക്കാൻ പോലും കഴിയുന്നില്ല. ഞങ്ങളുടെ കൈകൾ നിറഞ്ഞിരിക്കുന്നു, ഹൃദയവും നിറഞ്ഞു കവിയുകയാണ്. ആദ്യം ഞങ്ങൾ രണ്ടുപേരായിരുന്നു. ഇപ്പോൾ എല്ലാം തികഞ്ഞിരിക്കുന്നു. സ്നേഹത്തോടെ പരിണീതിയും രാഘവും...''എന്നാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന വിവരം പരിണീതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 1+1=3 എന്നെഴുതിയ മനോഹരമായ കേക്കിനൊപ്പമായിരുന്നു പോസ്റ്റ്. കേക്കിന്റെ മുകളിൽ മനോഹരമായ സ്വർണനിറത്തിലുള്ള കുഞ്ഞുകാലടികളും ഉണ്ടായിരുന്നു. അതിനൊപ്പം ഒരു പൂന്തോട്ടത്തിലൂടെ ഇരുവരും കൈകോർത്ത് നടക്കുന്ന ചിത്രവുമുണ്ടായിരുന്നു. 'ഞങ്ങളുടെ കുഞ്ഞുപ്രപഞ്ചം വന്നുകൊണ്ടിരിക്കുകയാണ്... അളവില്ലാത്ത വിധം ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു'എന്നും അവർ എഴുതുകയുണ്ടായി.
2013ൽ ഫിലിംഫെയറിനു നൽകിയ അഭിമുഖത്തിൽ അമ്മയാകുന്നതിനെ കുറിച്ച് പരിണീതി വാചാലയായിരുന്നു. വലിയൊരു കുടുംബം വേണമെന്നും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനെ കുറിച്ചും അന്ന് പരിണീതി സംസാരിക്കുകയുണ്ടായി.
''കുഞ്ഞിനെ ദത്തെടുക്കുന്നത് എനിക്ക്‍ വലിയ ഇഷ്ടമാണ്. എനിക്ക് ഒരുപാട് കുഞ്ഞുങ്ങളെ വേണം. ഒരുപാട് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനെ കുറിച്ച് സങ്കൽപിക്കാൻ പറ്റുന്നില്ല. അതിനാൽ കുഞ്ഞുങ്ങളെ ദത്തെടുക്കും''-എന്നാണ് പരിണീതി പറഞ്ഞത്.
2023 സെപ്റ്റംബറിലായിരുന്നു പരിണീതിയും രാഘവും വിവാഹിതരായത്. രാജസ്ഥാനിലെ ലീലാ പാലസിൽ വെച്ചായിരുന്നു അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ബോളിവുഡിലെയും രാഷ്ട്രീയത്തിലെയും ഉന്നതരും പങ്കെടുത്ത വിവാഹ ചടങ്ങ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.